2011, മേയ് 3, ചൊവ്വാഴ്ച

ഈ അവസരം പ്രയോജനപെടുത്തു............







എന്റെ ഇടതു നെഞ്ചിലെ വേദന അസഹ്യമാം വിധം കൂടിക്കൊണ്ടിരുന്നു.ശരീരം
വിയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.വേദന ഇടതു കയ്യിലേക്കും
പടര്‍ന്നുകൊണ്ടിരുന്നു.വേദന അസഹ്യമായപ്പോള്‍ ഒരു കൈ നെഞ്ചിലമര്‍ത്തി ഞാന്‍
തറയിലേക്കു വീണു.അപ്പോഴാണ്‌ ആളുകള്‍ എന്നെ കണ്ടത്‌.അവര്‍ എന്നെ താങ്ങിയെടുത്ത്‌
ഒരു ടാക്സിയില്‍ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരിക്കുകയാണ്.അവരുടെ
സംസാരത്തില്‍ എനിക്കുണ്ടായത്‌ ഹാര്‍ട്ട് അറ്റാക്ക്‌ ആണെന്നും വളരെ സീരിയസ്
ആണെന്നും ഞാന്‍ മനസ്സിലാക്കി.കൂട്ടത്തിലൊരാള്‍ എന്റെ മൊബൈലില്‍ നിനും
ആരെയോ വിളിക്കാന്‍
ശ്രമിക്കുന്നതായി എനിക്ക് തോന്നി. വീട്ടിലെ ഫോണ്‍ നമ്പര്‍ പറഞ്ഞു
കൊടുക്കണമെന്ന്‍ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല.എന്നെയും കൊണ്ട് ടാക്സി
ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തി.
അറ്റെന്റര്‍മാര്‍ സ്ട്രെച്ചറില്‍ കിടത്തി എന്നെ ഐ സി യുവിലേക്കു കൊണ്ട് പോയി.
ഡോക്ടര്‍മാര്‍ എനിക്ക് ചുറ്റും നിന്ന് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍
നടത്തുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. അവരിലൊരാള്‍ എന്റെ നെഞ്ചില്‍ ശക്തിയായി
അമര്‍ത്തുകയാണ്. പക്ഷെ എന്റെ ശരീരം പ്രതികരിച്ചില്ല എന്നാണു ഞാന്‍
മനസ്സിലാക്കുന്നത്.കാരണം എനിക്കും ചുറ്റും കൂടിയ ഡോക്ടര്‍മാരുടെ മുഖത്ത്‌ നിരാശ
പടരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. അതില്‍ ചിലര്‍ എന്റെയടുത്ത്‌
നിന്നും തിരിച്ച് നടന്നു.മറ്റു ചിലര്‍ എന്റെ ശരീരത്തില്‍ ജീവന്‍
നിലനിര്‍ത്താന്‍ വേണ്ടി മൂക്കിലൂടെ ഇട്ട ഓക്സിജന്‍ ട്യൂബും മറ്റും
വേര്‍പ്പെടുത്തിയ ശേഷം എന്റെ മുഖത്തുകൂടി ഒരു വെള്ള മുണ്ടിട്ടു മൂടി.ഞാന്‍
മരിച്ചെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.എനിക്ക് ചിരി വന്നു.ഞാന്‍
മരിച്ചിട്ടില്ല എന്ന്‍ ഉറക്കെ പറഞ്ഞെങ്കിലും ആരും കേട്ട ഭാവം പോലും
നടിക്കുന്നില്ല.എങ്കിലും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള
കൌതുകത്തോടെ മിണ്ടാതെ ഞാന്‍ ചുറ്റും ശ്രദ്ധിച്ചു.

എന്റെ മൊബൈലില്‍നിന്നും അവര്‍ എന്റെ അനിയന്റെ നമ്പര്‍ കണ്ടെത്തി വിവരം
അറിയിച്ചതനുസരിച്ച് അനിയനും എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളും എത്തി.
എന്റെയടുത്ത്‌ നിന്ന് അവര്‍ പൊട്ടിക്കരയുകയാണ്. ഞാന്‍ അവരെ പറ്റിക്കാന്‍ വേണ്ടി
കിടക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ പൊട്ടിപ്പൊട്ടി കരയുകയാണ്.
എന്നാല്‍പിന്നെ കരയട്ടെ എന്ന് ഞാനും കരുതി.അല്‍പ്പ സമയത്തിനു ശേഷം എന്നെ
എല്ലാവരും ചേര്‍ന്ന് ഒരു ആംബുലന്‍സില്‍ കയറ്റി. വീട്ടിലേക്കാണ് പോകുന്നത്.
അവിടെ എത്തിയാല്‍ എഴുനേറ്റിരുന്നു എല്ലാവരെയും ഒന്ന് പറ്റിക്കണം.അനിയന്‍
അപ്പോഴും
കരഞ്ഞുകൊണ്ടിരിക്കയാണ്. അവനും വീട്ടിലെത്തിയാല്‍ പൊട്ടിച്ചിരിക്കുമല്ലോ
എന്നോര്‍ത്ത്‌ എനിക്ക് ചിരി വന്നു.

ആംബുലന്‍സ് വീടിന്റെ മുന്നില്‍ വന്നു നിന്നു.എല്ലാവരെയും
ആശ്ച്ചര്യപ്പെടുത്താന്‍ എഴുനേറ്റു നില്‍ക്കാന്‍ ശ്രമിച്ച എനിക്കതിനു
കഴിയുന്നില്ല. വീട്ടില്‍ നിന്നും ഉയര്‍ന്ന കൂട്ടക്കരച്ചില്‍ എന്തോ അത്യാഹിതം
സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അപ്പോഴും ഞാന്‍ മരിച്ചു എന്ന്
വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്നെ ഒരു കട്ടിലില്‍ കൊണ്ട് പോയി കിടത്തി.
എല്ലാവരും ആര്‍ത്തട്ടഹസിച്ച് കരയുകയാണ്.എന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ
എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.പ്രായമായ
ഉപ്പ കണ്ണീരോടെ എന്നെ നോക്കി ദൈവത്തിന്റെ രക്ഷയും കരുണയും എന്നില്‍
ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുകയും
ദൈവം ഉദ്ദേശിച്ചാല്‍ അവന്റെ തിരു സന്നിധിയില്‍ വെച്ച് കാണാമെന്നും പറഞ്ഞ് എന്റെ
നെറ്റിയില്‍ ഉമ്മ വെച്ചു.ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ മരിച്ചു
കിടക്കുന്നത് എന്റെ പ്രിയപ്പെട്ട ഉപ്പ എങ്ങിനെ സഹിക്കുന്നു എന്നോര്‍ത്ത്
എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ ഉമ്മയെ ചുറ്റും തിരഞ്ഞ് നോക്കി.ഉമ്മയുടെ
അനിയത്തിമാര്‍ താങ്ങിയെടുത്താണ് ഉമ്മാനെ എന്റെ അടുത്ത് കൊണ്ട് വന്നത്. ഉമ്മ “
എന്റെ പൊന്നു മോനേ’ എന്ന് വിളിച്ച് തേങ്ങി കരയുകയാണ്. എന്റെ
അടുത്തിരുന്ന് ഉമ്മ എനിക്ക്
വേണ്ടി പ്രാര്‍ത്ഥിച്ചു .‘ഉമ്മാ ഉമ്മാ‘ എന്നു ഞാന്‍ വിളിച്ചെങ്കിലും ഉമ്മാക്ക്
അത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നുള്ള സത്യം എനിക്ക് വല്ലാത്ത
ദുഃഖമായിരുന്നു.ഉമ്മയോട് എനിക്ക് ഒരു പാട് കാര്യങ്ങള്‍
പറയാനുണ്ടായിരുന്നു.ഉമ്മാടെ പൊരുത്തം സമ്പാദിച്ച മക്കളുടെ കൂട്ടത്തില്‍ ഞാനും
ഉണ്ടോ? അറിയില്ല. ഉമ്മാടുള്ള കടപ്പാടുകള്‍ എല്ലാം ഞാന്‍ നിറവേറ്റിയോ? അറിയില്ല.

ഒരിക്കല്‍ നബി തിരുമേനിയുടെ അടുക്കല്‍ ഒരാള്‍ വന്ന് തന്റെ ജീവിതത്തില്‍ ഏറ്റവും
കടപ്പാട് ആരോടാണെന്ന് ചോദിച്ചപ്പോള്‍,തന്റെ ഉമ്മയോട് എന്ന് മൂന്നു തവണയും അതേ
ചോദ്യത്തിന് ഉത്തരം നല്‍കിയ നബിവചനം എന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി.കാരണം
തന്റെ മാതാവിനെ ചുമലിലിരുത്തി ചുട്ട് പൊള്ളുന്ന മരുഭൂമിയിലൂടെ ഒരു യാത്ര
പോയി തന്റെ
കാല്‍ പാദങ്ങള്‍ പൊട്ടി ചോരയൊലിപ്പിച്ച് കൊണ്ട് വന്നയാള്‍ നബിയോട് ചോദിച്ചത്രെ
“നബിയേ എന്റെ മതാവിനോടുള്ള എന്റെ കടപ്പാടുകള്‍ തീര്‍ന്നോ നബിയേ“ എന്ന്
ചോദിച്ചപ്പോള്‍, നബിതിരുമേനി പറഞ്ഞത് “നിന്റെ മാതാവ് നിന്നെ പ്രസവിക്കുന്ന
സമയത്ത് വേദന സഹിക്കാതെ ഞരങ്ങിയ ഒരു ഞരക്കത്തിന്റെ കടപ്പാട്
തീര്‍ന്നിരിക്കുന്നു“എന്നാണ്. ജീവിതത്തില്‍ ഏറ്റവും കടപ്പാടുള്ളത് മതാവിനോട്
തന്നെ.മതാവിനെ അവഗണിച്ച് ഒരു സ്വര്‍ഗ്ഗവും നേടാന്‍ കഴിയില്ല എന്ന്
പഠിപ്പിക്കപ്പെട്ടത് തീര്‍ച്ചയായും മതാവ് ശ്രേഷ്ടയായത് കൊണ്ട് തന്നെയാണ്.

എന്റെ രക്ഷിതാവേ എന്റെ ശബ്ദം കേള്‍‍ക്കുമായിരുന്ന സമയത്ത് എന്റെ ഉമ്മയോടുള്ള
കടപ്പാടുകള്‍ തീര്‍ന്നിരുന്നോ എന്ന് ചോദിക്കാന്‍ പോലും സമയമില്ലാതിരുന്ന
എനിക്കിനി എന്തെങ്കിലും കടപ്പാടുകള്‍ ബാക്കിയുണ്ടെങ്കില്‍ അതൊന്നു
പൊരുത്തപ്പെടീക്കാന്‍
ഒരു അവസരമില്ലല്ലോ നാഥാ.ഞാന്‍ ഇത്ര വേഗം മരിക്കുമെന്ന് കരുതിയില്ലല്ലോ
ദൈവമേ.ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്ത് എന്തിനാണ് മരണം എന്നെ പിടി കൂടിയത്?
ഞാന്‍
മരിക്കാറായി എന്നോ മരിക്കുമെന്നോ ഉള്ള ഒരു തോന്നലും എനിക്കിതു വരെ
ഉണ്ടായില്ലല്ലോ തമ്പുരാനേ.എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍
എല്ലാ കര്‍ത്തവ്യങ്ങളും ഉപേക്ഷ കൂടാതെ ചെയ്യുമായിരുന്നല്ലോ തുടങ്ങീ
മനസ്സില്‍ ചിന്തകള്‍
കാട് കയറിക്കൊണ്ടിരുന്നു. എന്റെ ഭാര്യയേയും മക്കളെയും കാണാന്‍ എന്റെ മനസ്സ്
വെമ്പല്‍ കൊണ്ടു.

എല്ലാവരും കരയുന്നത് കണ്ടെന്നോണം എന്റെ കൊച്ചു മോനും കരയുകയാണ്.അവന് പക്ഷേ
മരിക്കുന്നതെന്തെന്നോ ഒന്നും അറിയാതെ കരയുകയാണ്. അവനെ ലാളിച്ച് എനിക്കു കൊതി
തീര്‍ന്നില്ലല്ലൊ എന്നുള്ള ദുഃഖം എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.ഏഴു
വയസ്സായ മൂത്ത മകന്‍ കരയുന്നത് ഒരു പക്ഷെ മരിക്കുന്നതിനെക്കുറിച്ച്
എന്തെങ്കിലുമൊക്കെ ധാരണയുണ്ടായിട്ട് തന്നെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.പല
പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ ചാനലില്‍ കാണാറുള്ള ലൈവ് ടെലികാസ്റ്റിങ്
കണ്ട് സംശയം ചോദിച്ച അവനോട് അതെല്ലാം വിശദീകരിച്ചിരുന്ന കാര്യം
ഞാനോര്‍ത്തു.എങ്കിലും
ടി വിയില്‍ മുഴുകിയിരുന്ന എന്നോട് അവന്‍ ചോദിക്കാറുള്ള പല സംശയങ്ങളും ഞാന്‍
സ്നേഹപൂര്‍വ്വം അവഗണിക്കാറുണ്ടായിരുന്നു. അവനോടൊത്ത് അധിക സമയം ചിലവിടാന്‍
ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ടി വി പരിപാടികളില്‍ മുഴുകി അവനെ അവഗണിച്ചത്
അവന്റെ
ജീവിതത്തില്‍ ഏത് രീതിയില്‍ സ്വാധീനിക്കും എന്ന് ഞാന്‍ ഭയക്കുന്നു.ടി വി
ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് മക്കളോട് സംസാരിക്കാന്‍, അവരോട് ഇടപഴകാന്‍ ഒരു
പാട് സമയം ലഭിക്കുമായിരുന്നു.കുഞ്ഞു മനസ്സുകളെ എളുപ്പം സ്വാധീനിക്കുന്ന ടി
വിയിലെ നെറികെട്ട ഒരു സംസ്കാരത്തിലേക്ക് ഞാന്‍ അവരെ അറിഞ്ഞ് കൊണ്ട് കൈ പിടിച്ച്
നടത്തുകയായിരുന്നോ? കുറഞ്ഞ പക്ഷം ആ നശിച്ച ടി വിയില്‍ നിന്നെങ്കിലും എന്റെ
മക്കളെ രക്ഷിക്കാമായിരുന്നു. ഇനി അതിനാവില്ലല്ലോ.എല്ലാം വൈകിപ്പോയില്ലേ? എന്റെ
മക്കള്‍ വലുതാകുമ്പോള്‍ ആരായിത്തീരും? അവര്‍ നല്ല നിലയില്‍ വിദ്യാഭ്യാസം നേടി
നല്ല നിലയില്‍ എത്തുമോ? അതോ ചീത്ത കൂട്ടുകെട്ടില്‍ ചെന്ന് വീഴുമോ? അവരുടെ ഭാവി
സുരക്ഷിതമായിരിക്കുമോ? ഭാവിയിലെ ചിലവേറിയ വിദ്യഭ്യാസത്തിനുള്ള വകയൊന്നും ഞാന്‍
അവര്‍ക്കായി കരുതി വെച്ചില്ലല്ലോ തമ്പുരാനേ.ഞാന്‍ മരിക്കാനുള്ള പ്രായമൊന്നും
ആയില്ലല്ലോ എന്നോര്‍ത്ത് എല്ലാം ദൂര്‍ത്ത് ചെയ്ത് കളഞ്ഞതോര്‍ത്ത് ഇപ്പോള്‍
ദുഃഖിച്ചിട്ട് എന്ത് ഫലം? അന്നൊന്നും അങ്ങിനെ ഒരു ചിന്ത ഉണ്ടായില്ലല്ലോ,
ഇപ്പോള്‍
ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലുമായല്ലോ
എന്നുള്ള ചിന്തകള്‍ എന്റെ കണ്ണുകള്‍ നനയിച്ചു.

അബോധാവസ്ഥയില്‍ നിന്നും എപ്പോഴോ ഉണര്‍ന്ന ഭാര്യയെയും കൊണ്ട് അവളുടെ ഉമ്മയും
അനിയത്തിയും താങ്ങിപ്പിടിച്ച് എന്റെ വലതു വശത്ത് തല ഭാഗത്തായി കൊണ്ട് വന്ന്
ഇരുത്തി.
“ആ മുഖം നീ മതി വരുവോളം ഇരുന്ന് കണ്ടോ.എല്ലാം നിന്റെ വിധിയാണെന്ന് കരുതി
സമാധാനിക്കൂ മോളേ” തേങ്ങലടക്കിപ്പിടിച്ചുള്ള അവളുടെ ഉമ്മാടെ സംസാരം അവിടെ കൂടി
നിന്ന എല്ലാവരുടേയും ദുഃഖം ഇരട്ടിപ്പിച്ചു.പത്ത് വര്‍ഷത്തോളം കൂടെ കഴിഞ്ഞ
ഭാര്യയെ
ഉപേക്ഷിച്ച് ഒന്നും മിണ്ടാതെ ഒരു യാത്ര.ഇനിയും ഒരു പാട്
സ്വപ്നങ്ങളുണ്ടായിരുന്നു
ആ പാവത്തിന്. ഇനിയുള്ള ജീവിതം അവള്‍ ഒറ്റയ്ക്കാണ് എന്നുള്ള കാര്യം എനിക്ക്
വല്ലാത്ത വേദനയുണ്ടാക്കി. ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങാന്‍ അവള്‍ക്ക്
പേടിയാണ്,ഒരു
കാര്യവും എന്നോടാലോചിക്കാതെ ചെയ്യാറില്ല, എപ്പോഴും ഞാന്‍ അടുത്തുണ്ടാവണം എന്ന
സ്വാര്‍ത്ഥമായ ആഗ്രഹം, എങ്ങോട്ടെങ്കിലും പോയാല്‍ വരുന്നത് വരെ ഇടയ്ക്കിടയ്ക്ക്
ഫോണ്‍ വിളിക്കുകയും,വരുന്നത് വരെ പലവട്ടം ഉമ്മറത്തേയ്ക്ക് നോക്കി
കാണുന്നില്ലല്ലോ
എന്നു പരിതപിക്കാറുള്ള അവളുടെ ഇനിയുള്ള ജീവിതം എങ്ങിനെയാകും?
എല്ലാ ജീവിത പ്രശ്നങ്ങളേയും തരണം ചെയ്യാനും എല്ലാ ജീവിത സാഹചര്യങ്ങളോടും
പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള ശക്തി അവള്‍ക്ക് ഉണ്ടാവാന്‍ ഞാന്‍ ദൈവത്തോട്
പ്രാര്‍ത്ഥിച്ചു.എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെങ്കിലും എനിക്ക്
കണ്ണീരുണ്ടായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

പല പല ആളുകള്‍,കൂട്ടുകാര്‍,സഹപാഠികള്‍ എല്ലാവരും ദുഃഖത്താല്‍ ഘനീഭവിച്ച
മുഖവുമായി എന്നെ ഒരു നോക്ക് കാണാന്‍ വന്നിരിക്കുന്നു.എന്നെ
കളിയാക്കിയവര്‍,അധിക്ഷേപിച്ചവര്‍,
സഹായിച്ചവര്‍,എന്റെ നന്മ ആഗ്രഹിച്ചവര്‍ എല്ലാവരിലും ഒരേ ഭാവം മാത്രമായിരുന്നു.
അന്തരീക്ഷം ഖുര്‍ ആനിന്റെ വചനങ്ങളാല്‍ മുഖരിതമായിരുന്നു.ഞാന്‍ വീണ്ടും
ഭാര്യയെക്കുറിച്ചോര്‍ത്തു. പലപ്പോഴും നിസാര കാരണങ്ങള്‍ക്ക് പിണങ്ങാറുണ്ട്,
പരസ്പരം
മിണ്ടാതിരിക്കാറുണ്ട്, ചിലപ്പോള്‍ ഒരു നേരത്തേയ്ക്ക്, അല്ലെങ്കില്‍ ഒരു
ദിവസത്തേയ്ക്ക് അല്ലെങ്കില്‍ രണ്ട്, അതിനപ്പുറം പോകുമായിരുന്നില്ല.പരസ്പരം മുഖം
കറുപ്പിച്ച്, രണ്ട് അപരിചിതരെപ്പോലെ ഒരേ റൂമില്‍, ഒരേ
മെത്തയില്‍..എന്തിനായിരുന്നു? എല്ലാം നൈമിഷികമായ ചില മണ്ടത്തരങ്ങള്‍..അങ്ങിനെ
നഷ്ടപ്പെടുത്തിയ ദിനങ്ങളെയോര്‍ത്ത് ഇപ്പോള്‍ ഖേദിച്ചിട്ടെന്ത് കാര്യം? എല്ലാം
വൈകിപ്പോയിരിക്കുന്നു. എന്നെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ
അവള്‍ക്കൊരു നല്ല ജീവിതം കിട്ടുമായിരുന്നോ? അറിയില്ല, അതൊന്നും
തീരുമാനിക്കുന്നത് നമ്മളല്ലല്ലോ. എന്നാലും ഈ ചെറു പ്രായത്തില്‍ വിധവയാകേണ്ടി
വന്നത് വളരെ കഷ്ടം തന്നെ.അവള്‍ ഒരു പുനര്‍ വിവാഹത്തിന് തയ്യാറാകുമോ? അങ്ങിനെ
ചെയ്താല്‍ അവള്‍ എന്നോട് കാണിക്കുന്നത് നീതി കേടാകുമോ? ശാരീരിക ആവശ്യം
മാത്രമല്ലല്ലോ ഒരു വിവാഹത്തിലൂടെ നിറവേറ്റപ്പെടുന്നത്. ഞാന്‍ പകുത്ത് നല്‍കിയ
സ്നേഹത്തിന്റെ ഓര്‍മ്മയില്‍ ഇനിയുള്ള ജീവിത കാലം മുഴുവന്‍ അവള്‍ക്ക് തള്ളി
നീക്കാന്‍ കഴിയുമോ? എനിക്കതിനൊരു ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല.അവളെ
പൂര്‍ണ്ണമായി
മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കാന്‍ ശ്രമിക്കാഞ്ഞിട്ടാണോ എന്നറിയില്ല,
എനിക്കതിനൊരു ഉത്തരം കിട്ടിയില്ല.ആ ഒരു തീരുമാനമെടുക്കാനുള്ള
സ്വാതന്ത്ര്യമെങ്കിലും
അവള്‍ എടുക്കട്ടെ. നല്ലൊരു തീരുമാനത്തിലെത്താന്‍ അവള്‍ക്ക്
കഴിയട്ടെ.അവളെയൊന്ന് ആശ്വസിപ്പിക്കാന്‍
കൈ നീട്ടിയെങ്കിലും അസാധ്യമാണതെന്ന തിരിച്ചറിവ് മനസ്സില്‍ വിങ്ങലുകള്‍
തീര്‍ത്തു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച്
ശുദ്ധീകരിക്കാന്‍ വേണ്ടി റൂമിലേക്ക് കൊണ്ട് പോയി.ചൂടാക്കിയ വെള്ളം കൊണ്ട്
കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ഇടത് വശത്തേക്ക് ചേര്‍ത്ത് കുത്തിയ
ഒരു മുണ്ടുടുത്ത് എന്നെ മൂന്ന് തുണികള്‍ വിരിച്ചതില്‍ കൊണ്ട് വന്നു കിടത്തി.
സുഗന്ധ ദ്രവ്യങ്ങള്‍ തളിച്ച ആ വെള്ളത്തുണിയില്‍ എന്നെ പൊതിഞ്ഞ് കെട്ടുമെന്ന്
ഞാന്‍ മനസ്സിലാക്കി. ഇനി അവസാനമായി ഒരു നോക്കു കാണാനുള്ള അവസരമായിരുന്നു.
നിലവിളികള്‍ അടക്കിപ്പിടിച്ചും അല്ലാതെയും അവിടെ മുഖരിതമായിരുന്നു.ആര്‍ക്കും
ആരേയും നിയന്ത്രിക്കാനാകാത്ത വിധം എല്ലാവരും അവരവരുടെ സങ്കടങ്ങള്‍ കരഞ്ഞ്
തീര്‍ക്കുന്നു.
ഇങ്ങനെ കരഞ്ഞ് വിളിച്ചാലും തിരിച്ചവരുടെയൊക്കെയടുത്ത് ചെന്ന് എനിക്കൊന്നും
പറ്റിയില്ല, ഞാനിപ്പോള്‍
വരാമെന്ന് പറയാനും കഴിയാത്ത എന്റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
അവസാനം മൂന്ന് കഷ്ണം തുണിയില്‍ മൂന്ന് കെട്ടും കെട്ടി എന്നെ മയ്യിത്ത്
കട്ടിലിലേക്ക് എടുത്തു വെച്ചു.എനിക്കു വേണ്ടി അനേകം കണ്ഠങ്ങളില്‍ നിന്നും
പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.പ്രാര്‍ത്ഥനയ്ക്ക് ശേഷം മയ്യത്ത് കട്ടിലിന്റെ നാല്
കാലുകള്‍ നാലു പേര്‍ പിടിച്ച് പൊക്കി ഖബറടക്കുന്നതിനായി പള്ളിപ്പറമ്പിലേക്ക്
കൊണ്ട് പോകുകയാണ്. മറമാടുന്നതിനു മുന്‍പ് മതാചാരപ്രകാരമുള്ള ‘മയ്യത്ത്
നിസ്കാരം’
നിര്‍വ്വഹിക്കേണ്ടതുണ്ട്. ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിനോടുള്ള അവസാനത്തെ
കടപ്പാട്. അതിനായി അവര്‍ പള്ളിയില്‍ കയറി അംഗസ്നാനം ചെയ്ത് അവസാനത്തെ ആ
കടപ്പാടും നിര്‍വ്വഹിച്ചു. വീണ്ടും പള്ളിപ്പറമ്പിലേക്കുള്ള യാത്ര തുടര്‍ന്നു.

പള്ളിപ്പറമ്പില്‍ ആറടിയോളം താഴ്ച്ചയില്‍ ഖബര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.അതില്‍
തന്നെ ഒന്നരയടിയോളം ആഴത്തില്‍ ഒരു ഉള്‍ക്കബറും ഉണ്ടായിരുന്നു.വീതികുറഞ്ഞുള്ള
ഒരു ചെറിയ അറ പോലെയുള്ള ഒരു കുഴി.ഒരാള്‍ക്ക് ചരിഞ്ഞ് കിടക്കാവുന്നത്ര സ്ഥലം.
മണിമാളികയിലെ പട്ടുമെത്തയില്‍ കിടന്ന ഓരോരുത്തര്‍ക്കുമുള്ള അവസാന
ശയ്യയ്ക്കായ് തയ്യാറാക്കി
വെച്ച മണ്ണ് മെത്ത. വിലകൂടിയ മാര്‍ബിള്‍ കൊണ്ടും,വെറ്റ്രിഫൈഡ് ടൈത്സ് കൊണ്ടും
മത്സരിച്ച് കെട്ടിയുണ്ടാക്കിയ വീട് ഉപയോഗിച്ച് കൊതി തീരും മുന്‍പേ ഈ മണ്ണ്
മെത്തയില്‍! ഇത്ര നാളും അഹങ്കരിച്ച് ജീവിച്ച്, ഞാനെന്ന ഭാവം വെടിയാതെ നെഞ്ച്
വിരിച്ച് നടന്നിട്ട് ഒടുവില്‍ ഈ മണ്‍ഖബറില്‍ എല്ലാം അവസാനിക്കുന്നു.‘മനുഷ്യാ നീ
മണ്ണാകുന്നു, നിന്റെ മടക്കം മണ്ണിലേക്ക് തന്നെയാകുന്നു‘ എന്ന വേദ
ഗ്രന്ഥത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാകുന്നു.ഉള്‍ഖബറിന്റെ മുകളിലെ
അവസാനത്തെ ‘മൂട് കല്ലും‘ വെച്ചപ്പോള്‍ ഞാന്‍ ഒരു ഇരുട്ടറയില്‍ ഒറ്റപ്പെട്ടതു
പോലെ. എനിക്ക് വല്ലാത്ത ഭയം തോന്നി. ഞാന്‍ മരിച്ചിട്ടില്ല എന്ന് എനിക്ക്
ഉറപ്പായിരുന്നു. പക്ഷേ എനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല, കരയുമ്പോള്‍ കണ്ണു
നീരില്ല, എന്നെ ആരും കാണുന്നില്ല, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ
അവസ്ഥ പിന്നെ
എന്താണ്?

മരിക്കുമ്പോള്‍ അതി കഠിനമായ വേദനയുണ്ടാകും എന്നത് കൊണ്ടല്ലേ നബി തിരുമേനി
മരണക്കിടക്കയില്‍ വെച്ച് കൊണ്ട് തന്റെ അനുയായികള്‍ക്ക് മരണ വേദന ലഘൂകരിച്ച്
കൊടുക്കാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്? മരണ വേദന ഭയാനകമാണ് എന്ന്
ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് എനിക്ക് ഒരു വേദനയും
ഉണ്ടായിട്ടില്ല.ചെറിയൊരു
നെഞ്ച് വേദന മാത്രമല്ലേ ഉണ്ടായുള്ളൂ എന്നുള്ള സംശയം എന്നില്‍ ബലപ്പെട്ടു.
എനിക്ക് മുകളില്‍ വിരിച്ച മൂട് കല്ലുകള്‍ തട്ടിമാറ്റി ഞാന്‍ സര്‍വ്വ
ശക്തിയുമെടുത്ത് ‘ഉമ്മാ’ എന്നു വിളിച്ച് എഴുന്നേറ്റിരുന്നു. എന്റെ ശബ്ദം
പുറത്ത് വന്നിരിക്കുന്നു. എന്റെ വിളി കേട്ട് ഭാര്യ ഉണര്‍ന്നു. ലൈറ്റ് തെളിച്ചു.
ഞാന്‍ വല്ലാതെ വിയര്‍ത്തിരുന്നു. ഞാന്‍ കണ്ടത് ഒരു സ്വപ്നമായിരുന്നു. ഞാന്‍
മക്കളെ നോക്കി, അവര്‍ നല്ല ഉറക്കമാണ്.
“എന്തേ വല്ല സ്വപ്നവും കണ്ട് പേടിച്ചോ? എന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച്
കൊണ്ട് ഭാര്യ ചോദിച്ചു.
“ഉം, പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം. എനിക്കല്‍പ്പം വെള്ളം വേണം”
അവള്‍ തന്ന വെള്ളം കുടിക്കുമ്പോഴും എന്റെ മനസ്സിന്റെ നടുക്കം വിട്ടു
മാറിയുട്ടുണ്ടായിരുന്നില്ല. എന്നെ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്താനും എനിക്കൊരു
അവസരം കൂടി നല്‍കിയ പോലെ ഒരു കൊ സ്വപ്നം!
ദൈവ കാരുണ്യത്തെ കുറിച്ച് നിരാശരാവരുത്.

ഈ അവസരം പ്രയോജനപെടുത്തു............


2011, ഏപ്രിൽ 13, ബുധനാഴ്‌ച

2011, ഏപ്രിൽ 3, ഞായറാഴ്‌ച

എൻ.എം സിദ്ദീഖ്‌ ചെയ്ത മഹാപാപം

എൻ.എം സിദ്ദീഖ്‌ ചെയ്ത മഹാപാപം

രണ്ടു മാസകാലത്തെ ജയിൽ ജിവിതത്തിന്ന് ശേഷം മനുഷ്യാവകാശ പ്രവർത്തകനും, NCHRO എറണാംകുളം ജില്ലാ പ്രസിഡന്റുമായിരുന്ന അഡ്വ:എൻ.എം.സിദ്ദീഖ്‌ വിമോചിതനായി. പ്ലാച്ചിമട കൊക്കക്കൊലക്കെതിരെയുള്ള സമരം, മാവൂര്‍ തൊഴിലാളികളുടെ പട്ടിണി സമരം, ഓഹരി വിപണിയിലെ അനിതിക്കെതിരെ നടന്നസ്റ്റോക്ക് എക്സ്ചേഞ്ച് ഉപരോധം, ജി.സി.ഡി.എ-ഗോശ്രി കുടിയിറക്കലിനെതിരെ നടന്ന സമരം എന്നിങ്ങനെ നിരവധി സമര മുഖത്ത് മനുഷ്യാവാകാശപ്രവര്‍ത്തകനെന്ന നിലക്ക് എന്‍.എം.സിദ്ദിഖ് സജീവമായി ഇടപെട്ടിരുന്നു. മനുഷ്യാവകാശ സമ്പന്ധിയായ നിരവധി ഗ്രന്ഥങ്ങളും എന്‍.എം.സിദ്ദിഖ് രചിക്കുകയുണ്ടായി.


ഭരണകുടത്തിന്റെ പ്രാഥമിക കർമ്മമെന്നത്‌ പൗരന്റെ സുരക്ഷിതത്വമാണു. എന്നാൽ ഇതെ ഭരണകൂടം തന്നെ പൗരാവകാശത്തിന്മേൽ കടന്നുകയറി സ്വയം മർദ്ദകരായി മാറിയാൽ എന്തു സംഭവിക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണു അഡ്വ:എൻ.എം സിദ്ദീഖിനെതിരെ എടുത്ത കള്ളക്കേസും,തുടർന്നുണ്ടായ പോലിസ്‌ നടപടികളും. അധികാരിവർഗ്ഗത്തിന്റെ ക്രൂരമായ പീഢനത്തെ അതിജയിച്ച്‌ പ്രസ്ഥാനം കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റ്‌ മാർക്കിസ്റ്റ്‌ പാർട്ടികൾ അധികാരത്തിലിക്കുമ്പോൾ തന്നെ ഇത്തരം പൗരാവകാശ ലംഘനങ്ങൾ ഭരണകൂടത്തിൽ നിന്നു തുടർച്ചയായി ഉണ്ടാവുന്നു എന്നത്‌ കേവലം യാദൃശ്ചികമാവാൻ തരമില്ല. എന്താണു അഡ്വ: എൻ.എം സിദ്ദീഖ്‌ ചെയ്ത തെറ്റ്?



യാഥാര്‍ത്ഥ്യം മറച്ചു പിടിച്ചുള്ള നുണ പ്രചാരതിന്നു ഇടതുപക്ഷ മാധ്യമങ്ങള്‍ക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. സാമ്രാജ്യത്വ വിരുദ്ധതയും, മതനിരപെക്ഷതയും, മനുഷ്യത്വവുമൊക്കെ പാകതിന്നു ചേര്‍ത്ത് നല്ല കറികള്‍ ഉണ്ടാക്കുവാന്‍ ഇടതുപക്ഷ മാധ്യമങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ല. ശിതസമര കാലഘട്ടത്തില്‍ സോവിയറ്റ് യുണിയന്‍ എന്ന 'സ്വര്‍ഗ്ഗ രാജ്യത്തിന്റെ' മഹത്വം എഴുതി കൊഴുപ്പിക്കുക എന്നത് കമ്മ്യുണിസ്റ്റ് ചേരിയിലുള്ള മാധ്യമങ്ങളുടെ പ്രധാന തന്ത്രമായിരുന്നു. ദേശാഭിമാനിയും, ജനയുഗവുമൊക്കെ 'മാതൃകാ രാജ്യത്തിന്റെ' വിശേഷങ്ങളുമായി ദിനേന വാര്‍ത്തകള്‍ നല്‍കി രംഗം കൊഴുപ്പിച്ചു. സാമ്രാജ്യത്വ വിരോധം രക്തത്തില്‍ അലിഞ്ഞ പലരും വര്‍ഷങ്ങളോളം ഈ പെരും നുണ നേരെന്നു കരുതി വിശ്വസിച്ചു. എന്നാല്‍ 'സ്വര്‍ഗ്ഗ രാജ്യത്തിന്റെ' മഹത്വം നേരില്‍ കാണുവാന്‍ 'കമ്മ്യുണിസ്റ്റ് വത്തിക്കാനായ' സോവിയറ്റ് യുനിയനിലെത്തിയ പലരും 'സ്വര്‍ഗ്ഗ രാജ്യത്തിന്റെ' യഥാര്‍ത്ഥ ചിത്രം കണ്ടമ്പരന്നു. കമ്മ്യുണിസ്റ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമപ്പുറം സോവിയറ്റ് യുനിയനിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇവര്‍ നേരില്‍ കണ്ടു. കെടുകാര്യസ്ഥതയും, അഴിമതിയും,അവശ്യവസ്തുക്കള്‍ക്ക് വേണ്ടിയുള്ള കിലോമിറ്ററോളം നിളുന്ന വരികളുമോക്കെയായി ജനങ്ങള്‍ പ്രയാസമനുഭവിക്കുകയായിരുന്നു. ഫ്യുടല്‍ പ്രഭുക്കള്‍ രംഗമൊഴിഞ്ഞപ്പോള്‍ പകരമെത്തിയത് പാര്‍ട്ടി പ്രഭുക്കന്മാര്‍ കേരളത്തിലെ ഇടതുപക്ഷ സഹയാത്രികരായിരുന്ന പലരുടെയും മനസ്സ് മാറിയത് നേരില്‍ കണ്ട ഇത്തരം തിരിച്ചറിവുകളായിരുന്നു. പ്രമുഖ ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍ ഇത്തരം അനുഭവങ്ങള്‍ പലപ്പോഴും പങ്കുവെച്ചിരുന്നു.

അതേസമയം ദശാബ്ദങ്ങളായി മാര്‍ക്കിസ്റ്റു പാര്‍ട്ടി ഭരിക്കുന്ന പശ്ചിമ ബംഗാളിനെ കുറിച്ചും ഇത്തരം ഉതിവിര്‍പ്പിച്ച കഥകള്‍ ഇടതുപക്ഷ മാധ്യമങ്ങളിലുടെ ആസുത്രിതമായി പ്രചരിപ്പിക്കുന്നു. ഭുപരിഷ്കരണം, തൊഴില്‍ ലഭ്യത, സുരക്ഷിതത്വം, പിന്നോക്ക ന്യുനപക്ഷങ്ങളുടെ ക്ഷേമം എന്നിങ്ങനെ എണ്ണിയാലോടുങ്ങാത്ത നേട്ടങ്ങളുടെ സ്ഥിരം പട്ടികയുമായി കേരളത്തിലെ പാര്‍ട്ടി പത്രം ബംഗാള്‍ ഭരണത്തെ സ്ഥാനത്തും,അസ്ഥാനത്തും പുകഴ്ത്തികൊന്ടിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായ വസ്തുതകളാണ് ബംഗാളില്‍ നിലനില്‍ക്കുന്നതെന്ന എതിര്‍ പ്രചാരണവും ഇതിനോടൊപ്പം ഉയര്‍ന്നു വന്നിരുന്നു. ഇതിന്റെ യാഥാര്‍ത്യമേന്തെന്ന ആകാംക്ഷയിലാണ് എന്‍.എം.സിദ്ദിഖ് അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കുന്നത്. എന്നാല്‍ ബംഗാളില്‍ കണ്ട കാഴ്ച അതിദയനിയമായിരുന്നു. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ സെല്‍ ഭരണത്തില്‍ കിഴില്‍ പുത്തന്‍ പ്രഭുക്കന്മാരായ പാര്‍ട്ടി സഖാക്കള്‍ , സഹികെട്ട് നിലനില്പ്പിന്നു വേണ്ടി ആയുധമെടുത്ത ആദിവാസികള്‍ , കന്നുകാലി തൊഴുത്തുകള്‍ പോലും സ്വയം ലജ്ജിക്കുന്ന അടിസ്ഥാന സൌകര്യങ്ങള്‍ യാതോന്നുമില്ലാത്ത ന്യുനപക്ഷ കേന്ദ്രങ്ങള്‍ . കുത്തക മുതലാളിമാര്‍ക്ക് വേണ്ടി ചുവന്ന പരവതാനി വിരിച്ച കൃഷിയിടങ്ങള്‍ .. ഇതായിരുന്നു എന്‍.എം.സിദ്ദിഖും സംഘവും ബംഗാളില്‍ കണ്ട നേര്‍കാഴ്ചകള്‍ . ജനസംഖ്യയില്‍ വെറും പതുശതമാനതോളം വരുന്ന ബ്രാഹ്മണരയിരുന്നു അധികാര കേന്ദ്രങ്ങളുടെ സിംഹഭാഗവും നിയന്ത്രിച്ചിരുന്നത്. മാത്രമല്ല സംഘപരിവാര്‍ സംഘടനകള്‍ക്ക് മറ്റൊരു അജണ്ട കണ്ടതെന്ട വിധം സംഘി അജണ്ടകള്‍ തന്നെയായിരുന്നു പാര്‍ട്ടി ചെലവില്‍ ബംഗാളില്‍ നടന്നു കൊണ്ടിരുന്നത്. നേരില്‍ കണ്ട യാഥാര്‍ത്ഥ്യം മുന്‍ നിറുത്തി "ബംഗാളില്‍ നിന്ന് വാര്‍ത്തകള്‍ ഒന്നുമില്ല' എന്ന ഒരു ശ്രദ്ധേയമായ ഗ്രന്ഥം അദ്ധേഹാം രചിക്കുകയുണ്ടായി. മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ ഹിറ്റ്ലിസ്റ്റില്‍ സ്ഥാനം ഉറപ്പിച്ച ഒന്നാമത്തെ പ്രകോപനം ഇതായിരുന്നു.

പ്രവാചകനെ നിന്ദിച്ചതുമായി ബന്ധപ്പെട്ട്‌ മുവാറ്റുപുഴയിൽ പ്രോഫസർ ജോസഫിനെതിരെ നടന്ന അക്രമം നടക്കുന്നു. അധ്യാപകനെ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന ചരിത്രമുള്ള കേരളത്തില്‍ ക്രിമിനല്‍ കുറ്റങ്ങളുടെ കുട്ടത്തില്‍ ചേര്‍ക്കാന്‍ മറ്റൊന്ന് കൂടെ. എന്നാല്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പും, മാധ്യമങ്ങളും ഈ വിഷയത്തെ നോക്കികണ്ടത് ഭരണം കിട്ടിയ നാള്‍ മുതല്‍ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സ്വികരിച്ച അതെ കണ്ണിലുടെ തന്നെയായിരുന്നു. കുമളിയില്‍ കച്ചവടം നടത്തുന്ന കാശ്മീരി സ്വദേശി അല്താഫിലും, മുഹസിനിലും ആഗോള ഇസ്ലാമിക തിവ്രവാദം ദര്‍ശിച്ച അതെ കാവി കണോടെ തന്നെ. പ്രാദേശികമായ ഈ സംഘര്‍ഷത്തെ മാര്‍ക്കിസ്റ്റു പാര്‍ട്ടിയും, മാധ്യമങ്ങളും ഒത്തുചേര്‍ന്നു കൊണ്ടു ആഗോള തിവ്രവാദ ബന്ധം ആരോപിക്കുകയും തുടര്‍ന്ന് കൊട്ടിഘോഷിച്ചു കൊണ്ടു വ്യാപകമായ പോലിസ് തേര്‍വാഴ്ചക്ക് തുടക്കമിടുകയും ചെയ്തു. പ്രാദേശിക സംഘര്‍ഷത്തിന്റെ പേരില്‍ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ആരോപണ വിധേയരായവരുടെ സംസ്ഥാനത്തെ മുഴുവന്‍ ഓഫിസുകളും , വ്യാപാര സ്ഥാപനങ്ങളും, സംസ്ഥാന ഓഫിസ് വരെ റെയ്ഡ് ചെയ്യുക. പ്രതികളെ തിരയാനെന്ന പേരില്‍ മുസ്ലിം ഭവനങ്ങളില്‍ അതിക്രമിച്ചു കയറുക. പ്രായമായവരെയും,ഗര്ഭിനികളടക്കമുള്ള സ്ത്രികളെയും പിഡിപ്പിക്കുക , റെയ്ടെന്ന പേരില്‍ ആയുധം സ്വയം കൊണ്ടുവെച്ചു മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പുറത്തെടുത്തു ആഘോഷിക്കുക, നിയമവിരുദ്ധമായി ചെറുപ്പക്കാരെ ദിവസങ്ങളോളം കസ്റ്റടിയില്‍ വെക്കുക. ചോദ്യം ചെയ്യലിന്റെ പേരില്‍ ചെറുപ്പക്കാരെ ഷോക്കടിപ്പിച്ചും മറ്റു മുന്നാം മുറയിലുടെയും മ്രിഗിയമായി മര്‍ദ്ദിചാസ്വാദിക്കുക, കൈവെട്ടു കേസുമായി ബന്ധപ്പെട്ടു പോലിസ് നടത്തിയ നരനായാട്ടിന്റെ ചെരുചിത്രമാനിത്.


ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ സുപ്രിം കോടതി മുന്‍ ചിഫ് ജസ്റിസ് ജി.ബാലകൃഷ്ണന്‍ അധ്യക്ഷനായ ദേശിയ മനുഷ്യാവകാശ കമ്മിഷന് നിയമപരമായി പരാതി നല്‍കി എന്നതായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നാ നിലക്ക് എന്‍.എം.സിദ്ദിഖ് ചെയ്ത രണ്ടാമത്തെ തെറ്റ്. പരാതി കിട്ടിയ ദേശിയ മനുഷ്യാവകാശ കമ്മിഷന്‍ തുടര്‍ നടപടിക്രമത്തിന്റെ ഭാഗമായി കേരള സംസ്ഥാന ഡി.ജി.പിക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയക്കുന്നു. നോട്ടിസ് കിട്ടി മറുപടി അയക്കുന്നതിനു മുന്നേ പോലിസ് ചെയ്തത് പരാതി അയച്ചവനെ തേടി വരികയായിരുന്നു. 'സ്റ്റാലിന്റെ സ്വന്തം നാടായ' ഈ ഹരിത സുന്ദര കേരളത്തില്‍ പോലീസിനെതിരെ പരാതി നല്‍കുവാന്‍ മാത്രം ഇവന്‍ വളര്‍ന്നോ എന്നാ മനോഭാവത്തില്‍ അടച്ചിട്ടിരുന്ന NCHRO ഓഫിസ് തല്ലിപ്പൊളിച്ചു അകത്തു കയറി ഓഫിസ് ആവശ്യങ്ങള്‍ക്കായി സുക്ഷിച്ചുവേച്ച സകലമാന പുസ്തകങ്ങളും, സി.ഡികളും ലഘുലെഖകലുംമോക്കെ RDX കണ്ടെടുക്കുന്ന ത്രില്ലില്‍ പിടിച്ചെടുത് ശേഷം എന്‍.എം.സിദ്ദിഖിനെയും അറസ്റ്റു ചെയ്തു ആരവത്തോടെ മടങ്ങുന്നു.

ആസൂത്രിതമായ അതിശയോക്തി ഏറെയുണ്ടെങ്കിലും ക്രൈസ്തവ യൂറോപ്പിന്റെ കൊടുംക്രൂരതകൾക്കിരയായവരാണു ജൂതസമൂഹം. അതെ ജൂതർ തന്നെയാണു കാലചക്രം നൽകിയ അധികാരലബ്ദിയിൽ ഫൽസ്ഥീൻ ജനതക്കു മേൽ കൊടുക്രൂരത അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്‌. ഈ ജൂതപാരമ്പര്യമാണോ മാർക്കിസ്റ്റുപാർട്ടി പിന്തുടരുന്നത്? പാർട്ടി കെട്ടിപ്പടുക്കുവാൻ ഏറെ യാതനകൾ അനുഭവിച്ചവരാണുഇടതുപക്ഷം. നിരോധനത്തെയും, അധികാരവർഗ്ഗത്തിന്റെ അടിച്ചമർത്തലുകളെയും അതിജയിച്ചാണു കേരളത്തിൽ ഇടതുപക്ഷം ഇടം നേടിയത്‌. ഇതേ ഇടതുപക്ഷമാണു ഭരണത്തിലേറുമ്പോൾ പൗരാവകാശലംഘനത്തിന്ന് കുപ്രസിദ്ധി നേടുന്നതും.
സ്വന്തം പാർട്ടിക്കാർക്കല്ലാതെ മറ്റൊരു പാർട്ടിക്കാർക്കും കൊടികുത്താൻ പാടില്ല, മാർക്ക്സിസമല്ലാതെ മറ്റൊരു ഇസവും മിണ്ടാനെ പാടില്ല, പാർട്ടിക്ക്‌ ഭീഷണി ഉയർത്തുന്നവരെ ഉന്മൂലനം ചെയ്യുക, ഭരണ സ്വാധീനമുപയോഗപ്പെടുത്തി എതിർക്കക്ഷികളെ അടിച്ചമർത്തുക, കള്ളക്കേസിൽ കുടുക്കുക ഇവയൊക്കെ
മാർക്കിസ്റ്റ്‌ ഭരണത്തിന്റെ ബാക്കിപത്രങ്ങളാണു.

ജനാധിപ്ത്യ വ്യവസ്ഥിതിയിൽ മുന്നോട്ടുള്ള പ്രയാണത്തിന്നുഏകാധിപ്ത്യസ്വഭാവമുള്ള ഇത്തരം പ്രതികരണങ്ങളിൽ നിന്ന് മാറിനിൽക്കലാവും മാർക്കിസ്റ്റു പാർട്ടിക്ക്‌ നല്ലത്‌. പശ്ചിമ ബംഗാൾ ഒരേ സമയം ഒരടയാളവും, ശക്തമായ മുന്നറിയിപ്പുമാണു. ജനാധിപ്ത്യത്തിന്റെ പേരുപറഞ്ഞ്‌ ഏകാധിപത്യം അടിച്ചേൽപ്പിച്ചാൽ ജനങ്ങൾ എഞ്ചിൻ പ്രതികരിച്ചു തുടങ്ങുമെന്നതിന്റെ മുന്നറിയിപ്പ്‌.

കടപ്പാട് -പുലരി ബ്ലോഗ്‌

2011, മാർച്ച് 24, വ്യാഴാഴ്‌ച

ഹറം ഇമാം സുദൈസ് ദയൂബന്ദില്‍ ജുമുഅക്ക് നേതൃത്വം നല്‍കും ( മാര്‍ച്ച്‌ 25 ,2011 )

ഇന്ത്യ സന്ദര്‍ശിക്കുന്ന ഹറം ഇമാമിന് ഇന്ന്(25/03/2011) ദയൂബന്ദില്‍ വന്‍ വരവേല്‍പ് നല്‍കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ അര്‍ഷദ് മദനി വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്നു പ്രത്യേകം തയ്യാറാക്കിയ ഹെലികോപ്റ്ററിലായിരിക്കും ഇമാം ദയൂബന്ദിലെത്തുക. സഊദി അറേബ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളും ഉദ്യോഗസ്ഥരും അനുഗമിക്കുന്നത് ഇമാമിന്റെ സന്ദര്‍ശനത്തിന് പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ട്. ദയൂബന്ദിലെ വിദ്യര്‍ത്ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും പുറമെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇമാമിനെ സ്വീകരിക്കാന്‍ ദയൂബന്ദിലെത്തും. ഖുതുബക്കും ജുമുഅ നമസ്കാരത്തിനും അദ്ദേഹം നേതൃത്വം നല്‍കും. ജൂത ഗൂഢാലോചനക്കും തീവ്രവാദത്തിനുമെതിരായ കടുത്ത നിലപാടുകളെടുത്ത പേരില്‍ സുദൈസിന്റെ സന്ദര്‍ശനത്തിന് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വന്‍ വാര്‍ത്താ പ്രാധാന്യമാണു ഇമാമിന്റെ സന്ദര്‍ശനത്തിനു ലഭിച്ചിരിക്കുന്നത്. ഉറുദു മാധ്യമങ്ങള്‍ ആഴ്ചകളായി ഒന്നാം പേജില്‍ സന്ദര്‍ശനത്തിന്റെ വാര്‍ത്തകളും പരസ്യങ്ങളുമായി നിറഞ്ഞിരിക്കുകയാണ്. രാജ്യത്തോടും പ്രത്യേകിച്ച് കശ്മീര്‍ പോലുള്ള വിഷയങ്ങളോടുമുള്ള പ്രതികരണം വാര്‍ത്താമാധ്യമങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. ഇന്ത്യാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററും ഇമാമിന് ആതിഥ്യമരുളുന്നു. ഹറം ഇമാമിന്റെ ബഹുമാനാര്‍ത്ഥം പാര്‍ലമെന്റ് അനെക്സില്‍ പ്രത്യേക അത്താഴവിരുന്ന് നല്‍കും. രാജ്യത്തെ രാഷ്ട്രീയമത മേഖലകളിലെ പ്രമുഖ നേതാക്കള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തും. 26നു രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക പാഠശാലയെന്നറിയപ്പെടുന്ന ദയൂബന്ദ് ദാറുല്‍ ഉലൂമിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യും. ദയൂബന്ദിലെ മസ്ജിദുര്‍റശീദില്‍ ജുമുഅ നമസ്കാരത്തിനു നേതൃത്വം നല്‍കിയ ശേഷം ഡല്‍ഹിയിലെ പ്രസിദ്ധമായ രാംലീലാ മൈതാനത്ത് ജംഇയ്യത്തുല്‍ ഉലമാ ഹിന്ദിന്റെ അര്‍ശദ് മദനി വിഭാഗം ഒരുക്കുന്ന "അസമത് എ സഹാബ' സമ്മേളനത്തില്‍ പ്രസംഗിക്കും.
1960 ഫെബ്രുവരി 10ന് സഊദി അറേബ്യയിലെ റിയാദില്‍ ജനിച്ച സുദൈസ് 12ാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. നജ്ദില്‍ വളര്‍ന്ന അദ്ദേഹം റിയാദിലെ അല്‍മുസന്നാ ബിന്‍ ഹാരിസ് എലമെന്ററി സ്കൂളില്‍ നിന്നാണ് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. 1979ല്‍ റിയാദ് സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ബിരുദം നേടി. 1983ല്‍ റിയാദ് യൂണിവേഴ്സിറ്റിയില്‍ നിന്നു ശരീഅയില്‍ ബിരുദവും 87ല്‍ കിംഗ് സഊദ് ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്സ് ബിരുദവും നേടി. 95ല്‍ ഉമ്മുല്‍ഖുറാ യൂണിവേഴ്സിറ്റിയില്‍ നിന്നു ശരീഅയില്‍ പിഎച്ച്ഡിയും പൂര്‍ത്തിയാക്കി.

2011, മാർച്ച് 21, തിങ്കളാഴ്‌ച

സാര്‍ഥകം ഈ ജയില്‍വാസം... അബ്ദുല്‍ കലീം

ചെയ്യാത്ത കുറ്റത്തിന് പതിനെട്ട് മാസം കൊടിയ പീഡനങ്ങളേറ്റ് ജയിലില്‍. പിന്നെ, കുറ്റക്കാരനല്ലെന്ന് പറഞ്ഞ് കോടതി വിട്ടയക്കുന്നു. ഒന്നര വര്‍ഷത്തിനുശേഷം ജയിലിലുള്ള സഹോദരനെ സന്ദര്‍ശിച്ചുവെന്ന മഹാകുറ്റത്തിന് വീണ്ടും ഒരുവര്‍ഷം ജയിലില്‍. ഉയര്‍ന്ന മാര്‍ക്കുവാങ്ങി യോഗ്യത സ്വന്തമാക്കി ആശിച്ച് നേടിയ വൈദ്യശാസ്ത്ര പഠനം പാതിവഴിയില്‍ മുടങ്ങല്‍. ഏറെ ബുദ്ധിമുട്ടി വീണ്ടുമാരംഭിച്ച നിയമപഠനം പെരുവഴിയിലാകല്‍. അതിനിടെ, തന്നെ ഏത് കുറ്റത്തിനാണോ ജയിലിലടയ്ക്കുകയും ഭീകരമായി പീഡിപ്പിക്കുകയും ചെയ്തത്, യഥാര്‍ഥത്തില്‍ അതേ കുറ്റം ചെയ്തയാളെ ജയിലില്‍വെച്ച് കണ്ടുമുട്ടുകയെന്ന വിധിവൈപരീത്യവും. 23 വയസ്സിനിടെ ഇത്രയൊക്കെ അനുഭവിച്ച ഒരു ചെറുപ്പക്കാരന്റെ ജീവിതം വെറുതെയാകാന്‍ ഇതിനപ്പുറം കാരണങ്ങള്‍ വേണോ? പക്ഷേ, ഹൈദരാബാദ് സ്വദേശി അബ്ദുല്‍ കലീമിന്റെ ജീവിതം ഈ കാരണങ്ങളാല്‍ അര്‍ഥപൂര്‍ണമാവുകയാണ് ചെയ്തത് എന്നത് കാലം കാത്തുവെച്ച കാവ്യനീതി.
ഇന്ത്യയില്‍ എല്ലാരുമറിഞ്ഞിട്ടും ആരുമറിയാത്ത രഹസ്യമുണ്ട്; രാജ്യത്ത് ഇടക്കിടെ നടക്കുന്ന സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന്. ആ രഹസ്യത്തിന്റെ പൂട്ട് തുറക്കാനുള്ള താക്കോലായി മാറി അബ്ദുല്‍ കലീമിന്റെ ജയില്‍വാസം. അതുകൊണ്ടുതന്നെ, ജീവിതംകൊണ്ട് ഈ യുവാവ് നടത്തിയ ബലിദാനം സാര്‍ഥകമാവുകയാണ്; ഒരു സമുദായത്തിനും അതുവഴി ഒരു മഹാരാജ്യത്തിനും.
രണ്ടാംവട്ടവും ജയില്‍മോചിതനായി 15ാംദിവസം സോളിഡാരിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കൊച്ചിയിലെത്തിയ കലീം ജയിലില്‍ താന്‍ അനുഭവിച്ച പീഡനങ്ങളുടെ കഥ ആഴ്ചപ്പതിപ്പുമായി പങ്കുവെക്കുന്നു. ഇത് ഒരു കഥയല്ല, ചോരയുറഞ്ഞുപോകുന്ന പീഡനങ്ങളുടെ അനുഭവസാക്ഷ്യമാണ്; ഒപ്പം സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച സ്വാമി അസിമാനന്ദയെന്ന സംഘ്പരിവാര്‍ നേതാവിനെ പശ്ചാത്താപത്തിന്റെ വഴിയിലൂടെ കൈപിടിച്ച് നടത്തി തുറന്നുപറച്ചിലെന്ന വെളിപാടിലേക്ക് എത്തിച്ച മനഃപരിവര്‍ത്തനത്തിന്റെ വിവരണംകൂടിയാണ്.
ജയിലിലേക്കുള്ള വഴി
2007 മേയ് 18നാണ് ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ഹൈദരാബാദ് മക്കാ മസ്ജിദ് സ്‌ഫോടനമുണ്ടാകുന്നത്. സ്‌ഫോടനം നടന്ന് അരമണിക്കൂറിനകം പൊലീസ് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മാസ്റ്റര്‍ ബ്രെയിന്‍ ഏതെന്ന് 'തിരിച്ചറിഞ്ഞു'. സൗദിയില്‍ ജോലി ചെയ്യുന്ന ഷാഹിദ് ബിലാല്‍. യഥാര്‍ഥത്തില്‍ ഇയാളുടെ പേര് മുഹമ്മദ് അബ്ദുല്‍ ഷാഹിദ് എന്നാണ്. പേരിന് ഒരു കനംകിട്ടാന്‍ പൊലീസ്തന്നെ കൂട്ടിച്ചേര്‍ത്തതാണ് ബിലാല്‍ എന്ന വാക്ക്. സൗദിയില്‍ കഴിയുന്ന ഇയാളാണ് സമീപകാലത്ത് നടന്ന ഒട്ടുമിക്ക സ്‌ഫോടനങ്ങളുടെയും ആസൂത്രകനെന്ന് പൊലീസ് ഭാഷ്യം. ആസൂത്രകനെ കിട്ടിയാല്‍ പിന്നെ പദ്ധതി നടപ്പാക്കിയയാളെ കണ്ടെത്തലാണല്ലോ അടുത്ത പടി. ഷാഹിദിന്റെ ബന്ധുവും അയല്‍വാസിയുമായ ഞാനാണ് മുഖ്യപ്രതിയെന്ന് അന്ന് വൈകുന്നേരത്തോടെതന്നെ പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രഖ്യാപനം വന്നു. സ്‌ഫോടനക്കേസ് പ്രതിയെ നേരെ വീട്ടില്‍വന്ന് വെറുതെയങ്ങ് അറസ്റ്റുചെയ്യുന്നത് നല്ല രീതിയല്ലല്ലോ. അതുകൊണ്ട്, അറസ്റ്റിലും ചേര്‍ത്തു അല്‍പം നാടകീയത. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന എന്റെ ബൈക്കില്‍ ഓംനി വാന്‍കൊണ്ടിടിക്കുകയായിരുന്നു. ബാലന്‍സ്‌തെറ്റി റോഡില്‍ വീണതും വാനിലേക്ക് വലിച്ചിട്ടു. പിന്നെ, നാലഞ്ചുമണിക്കൂര്‍ കണ്ണുകെട്ടിയുള്ള യാത്രയായിരുന്നു. ഇതിനിടെ, നാല് വാനുകളില്‍ മാറിമാറി സഞ്ചരിച്ച് ഒടുവില്‍ ഒറ്റപ്പെട്ട പ്രദേശത്തെ ഫാംഹൗസില്‍ എത്തിച്ചു. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് മക്കാ മസ്ജിദ് സ്‌ഫോടനം അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലാണ് ഞാനെന്ന്. പിടിയിലാകുമ്പോള്‍ ഈ അഖിലേന്ത്യാ ഭീകരന്റെ പ്രായം 19! ഹൈദരാബാദ് കാമിനേനി മെഡിക്കല്‍കോളജ് വിദ്യാര്‍ഥി. എന്നെ മാത്രമല്ല, 170 പേരെ ഈ ദിവസങ്ങളില്‍ പിടികൂടിയിരുന്നു. എല്ലാവരും മെഡിക്കല്‍, എന്‍ജിനീയറിങ്, എം.ബി.എ തുടങ്ങിയ പ്രഫഷനല്‍ കോഴ്‌സ് വിദ്യാര്‍ഥികള്‍. പരസ്‌പരം കാണാത്തവിധം പല കേന്ദ്രങ്ങളിലാണ് ഞങ്ങളെ എത്തിച്ചത്.

ഇനി പീഡനപര്‍വം
കുറ്റാന്വേഷണത്തിന് ലോകമെങ്ങും നടപ്പുള്ളൊരു രീതിയുണ്ട്. ആദ്യം തെളിവ് ശേഖരിക്കുക, അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുക, കുറ്റം തെളിയിക്കുക, ശിക്ഷിക്കുക. ഇത് അതേപടി പിന്തുടര്‍ന്നാല്‍ അനുകരണമാകും. അതുകൊണ്ട്, നമ്മുടെ അന്വേഷണസംവിധാനങ്ങള്‍ മിക്കപ്പോഴും നേരെ എതിരായാണ് കാര്യങ്ങള്‍ ചെയ്യുക. ആദ്യം കുറെപേരെ പിടിക്കുക. പിന്നെ, അവരില്‍നിന്ന് ആരെയൊക്കെ പ്രതികളാക്കണമെന്ന് തീരുമാനിക്കുക. അതിനനുസരിച്ച് തെളിവുകളുണ്ടാക്കുക. കോടതിയില്‍ ഹാജരാക്കി ശിക്ഷിക്കുക. അതിന് ആദ്യം വേണ്ടത് പ്രതിയാണെന്ന് തങ്ങള്‍ തീരുമാനിച്ചയാള്‍ കുറ്റം സമ്മതിച്ചുകിട്ടുക എന്നതാണ്. അതിന് ഏറ്റവും എളുപ്പവഴി മൂന്നാംമുറയാണ്. എന്റെ കാര്യത്തില്‍ പ്രയോഗിച്ചതിനെ മൂന്നാംമുറ എന്ന് പറയാമോ എന്നറിയില്ല. എന്തു വിളിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കുക; ഇത് വായിച്ചശേഷം.

പിടികൂടി ഫാംഹൗസില്‍ എത്തിച്ച ശേഷം അന്വേഷണസംഘം ആദ്യം ചെയ്തത് പൂര്‍ണ നഗ്‌നനാക്കുകയാണ്. അടിവസ്ത്രമടക്കമുള്ള മുഴുവന്‍ വസ്ത്രങ്ങളും അഴിച്ചുമാറ്റി. അതിനുശേഷമാണ് ചോദ്യംചെയ്യല്‍ തുടങ്ങിയത്. ചോദ്യംചെയ്യലെന്നാല്‍, ഒറ്റക്കാര്യം മാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്. ചില തീവ്രവാദ സംഘടനകളുടെ നിര്‍ദേശപ്രകാരം ഞാനാണ് മക്കാ മസ്ജിദില്‍ സ്‌ഫോടനം നടത്തിയതെന്ന് സമ്മതിച്ചാല്‍ മതി. ഓരോ പ്രാവശ്യം നിഷേധിക്കുമ്പോഴും പിരടിയില്‍ ശക്തമായി അടി. മൂന്നര മണിക്കൂര്‍ ഇങ്ങനെ ചോദ്യവും അടിയും തുടര്‍ന്നതോടെ ഞാന്‍ കുഴഞ്ഞുവീണു. അതോടെ വെറും തറയില്‍ നഗ്‌നനായ നിലയില്‍ ഉപേക്ഷിച്ച് മുറിപൂട്ടി സംഘം മടങ്ങി. പിറ്റേദിവസം സംഘമെത്തിയത് ചെറിയൊരു പെട്ടിയുമായാണ്. അത് പ്ലഗില്‍ കുത്തി ഷോക്കടിപ്പിക്കലായിരുന്നു അന്നത്തെ ശിക്ഷാരീതി. അപ്പോഴും ആവശ്യം ഒന്നുമാത്രം: സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കണം. തലമുതല്‍ കാല്‍പാദംവരെ ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ഷോക്കടിപ്പിച്ചു. നാല്‍പതോളം പ്രാവശ്യം ഇങ്ങനെ ഷോക്കടിപ്പിച്ചതോടെ ഞാന്‍ ജീവന്‍ അവശേഷിപ്പില്ലെന്ന് തോന്നുംവിധം തളര്‍ന്നുവീണു. അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരം എത്തിയ ഡോക്ടര്‍ വിശദമായി പരിശോധിച്ച്‌വിധിയെഴുതി- ഒരു കുഴപ്പവുമില്ല, പൂര്‍ണ ആരോഗ്യവാന്‍. അതോടെ ഷോക്ക് നല്‍കലും ചോദ്യംചെയ്യലും വീണ്ടും തുടങ്ങി. മൂന്നാം ദിനം പുതിയൊരു രീതിയാണ് പരീക്ഷിച്ചത്. കയറില്‍കെട്ടി മുകളിലെ കൊളുത്തില്‍ തൂക്കിയിട്ടശേഷം കട്ടിയുള്ള ബെല്‍റ്റുകൊണ്ട് അടിക്കുക. അടികൊണ്ട് ശരീരം മുഴുവന്‍ ചോരയൊലിക്കാന്‍ തുടങ്ങിയതോടെ സംഘത്തിലെ ഒരു വിദഗ്ധന്‍ ഏതോ ഒരു ഓയിന്റ്‌മെന്റ് പുരട്ടി. അതോടെ വേദന അസഹനീയമായി മാറി.
സംഘത്തിലൊരാളുടെ ഭാവനയിലുദിച്ചതായിരുന്നു നാലാം ദിനത്തിലെ ശിക്ഷാരീതി. അഞ്ച് ലിറ്ററിന്റെ കാനില്‍ വെള്ളംനിറച്ചശേഷം ലിംഗത്തില്‍ കെട്ടിത്തൂക്കുക. ഒപ്പം ഷോക്കടിപ്പിക്കലും. വിരലുകള്‍ പിന്നോട്ട് വളച്ച് ഒടിക്കലും ഇതിനൊപ്പം നടന്നു.
കൈ രണ്ടും കസേരയില്‍ പിന്നോട്ട് കെട്ടിവെച്ചശേഷം കാല്‍മുട്ടില്‍ രണ്ടുപേര്‍ കയറിനില്‍ക്കുന്ന രീതിയായിരുന്നു അടുത്ത ദിനത്തിലെ സ്‌പെഷല്‍. അപ്പോഴേക്കും അറിയിപ്പെത്തി; ഉന്നത ഉദ്യോഗസ്ഥന്‍ മൊഴിയെടുക്കാന്‍ വരുന്നുവെന്ന്. ഉന്നത ഉദ്യോഗസ്ഥന് മുന്നില്‍ കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെറ്റമ്മയെയും സഹോദരിയെയും നിന്റെ മുന്നിലിട്ട് മാനഭംഗപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പക്ഷേ, ഉന്നത ഉദ്യോഗസ്ഥന്റെ മുന്നിലും ഞാന്‍ നിലപാട് ആവര്‍ത്തിച്ചു; നിരപരാധികളെ കൊല്ലാന്‍ എന്റെ വിശ്വാസം എന്നെ അനുവദിക്കുന്നില്ല. ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം കോടതിയില്‍ ഹാജരാക്കി. പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നുപോലും ആരായാതെ കോടതി ജയിലിലേക്ക് അയക്കുകയായിരുന്നു. സ്‌ഫോടനം നടത്തിയത് ഞാന്‍തന്നെയെന്ന് ഉറപ്പിക്കാന്‍ അന്വേഷണസംഘം കോടതിയുടെ അനുമതിയോടെ ബംഗളൂരുവിലെത്തിച്ച് നുണപരിശോധനയും നടത്തി. ഒരു പ്രാവശ്യം നടത്താനാണ് കോടതി നിര്‍ദേശിച്ചതെങ്കിലും ഉദ്യോഗസ്ഥര്‍ രണ്ടു പ്രാവശ്യമാണ് നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് നടത്തിയത്. ഈ ദിവസങ്ങളിലെല്ലാം ഹൈദരാബാദിലെയും ബംഗളൂരുവിലെയും പത്രങ്ങളുടെ ഒന്നാം പേജില്‍ വെണ്ടക്ക നിരന്നു, 'മക്കാ മസ്ജിദ് സ്‌ഫോടനം: കലീം കുറ്റമേറ്റു' എന്ന വാര്‍ത്തയുമായി. ഇതിനിടെ, വീട്ടിലെത്തിയ പൊലീസ് എന്റെ മാതാപിതാക്കളില്‍നിന്ന് നിര്‍ബന്ധപൂര്‍വം ഒരുകാര്യം എഴുതിവാങ്ങിയിരുന്നു, എനിക്ക് ഐ.എസ്.ഐ ബന്ധമുണ്ടെന്ന്. സഹോദരനെ സൗദിയിലേക്ക് യാത്രയയക്കാന്‍ മുംബൈയില്‍ പോയത് ഐ.എസ്.ഐ ബന്ധത്തിന് തെളിവായി മാറുകയും ചെയ്തു. ഇതോടെ ഞങ്ങളുടെ വീട്ടുകാരും സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടു. താമസിച്ചിരുന്ന വാടകവീട്ടില്‍നിന്ന് വീട്ടുടമ ഇറക്കിവിട്ടു. തീവ്രവാദിയുടെ കുടുംബത്തിന് വാടകക്ക് വീട് നല്‍കാന്‍ ആരും തയാറായതുമില്ല. ഞാന്‍ അന്വേഷണസംഘത്തിന്റെ പീഡനത്തില്‍ നരകിക്കുമ്പോള്‍ തലചായ്ക്കാനൊരു ഇടംതേടി അലയുകയായിരുന്നു എന്റെ കുടുംബം. പൊലീസ് രണ്ട് കേസുകളാണ് എന്റെ മേല്‍ ചുമത്തിയത്. സ്‌ഫോടനത്തിന് ആവശ്യമായ ആര്‍.ഡി.എക്‌സ് വിതരണംചെയ്തതിനും സ്‌ഫോടനം ആസൂത്രണംചെയ്തതിനുള്ള സിംകാര്‍ഡുകള്‍ വിതരണം ചെയ്തതിനും. ഒന്നര വര്‍ഷം നീണ്ട വിചാരണക്കും ജയില്‍വാസത്തിനും ശേഷം ഒരു കേസില്‍ കോടതിയെന്നെ വെറുതെ വിട്ടു. രണ്ടാമത്തെ കേസില്‍ ജാമ്യവും അനുവദിച്ചു.

വീണ്ടും ജീവിതം തളിര്‍ക്കുമെന്നും പൂക്കുമെന്നുമുള്ള മോഹവുമായി പഴയ മെഡിക്കല്‍ കോളജില്‍ പഠനം പുനരാരംഭിച്ചപ്പോള്‍ അവിടെയും പൊലീസ് വില്ലനായെത്തി. എനിക്ക്് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കോളജ് അധികൃതരെ അറിയിച്ചു പൊലീസ്. ഒരു ദിവസം ക്ലാസിലെത്തിയ എന്നെ കോളജ് സെക്രട്ടറി വിളിപ്പിച്ചു. തീവ്രവാദ ബന്ധമുള്ളവരെ ഇവിടെ പഠിക്കാനനുവദിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ടി.സി നല്‍കാനായിരുന്നു അത്. ടി.സിയുമായി നിരാശനായി വീട്ടിലേക്ക് മടങ്ങി. എന്റെ മുഖം വാടിയിരിക്കുന്നത് കണ്ട് വന്ന ഉമ്മ പറഞ്ഞു, ''ഇനി ഡോക്ടറായി ആളുകളെ ചികിത്സിക്കലല്ല, ഒരു കുറ്റവും ചെയ്യാതെ ജയിലിലടയ്ക്കപ്പെട്ടവര്‍ക്ക് നീതി നേടിക്കൊടുക്കലാണ് നിന്റെ നിയോഗം'' എന്ന്. അങ്ങനെ ഉമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് നിയമബിരുദത്തിന് ചേരാന്‍ തീരുമാനിച്ചത്. പ്രവേശനനടപടികള്‍ അതിനകം പൂര്‍ത്തിയായിരുന്നെങ്കിലും തൊട്ടടുത്തുള്ള മഹാത്മാ ഗാന്ധി ലോ കോളജ് കലീമിന് മാനേജ്‌മെന്റ് ക്വോട്ടയില്‍ പ്രവേശനം നല്‍കി. നിയമപഠനം തുടരവെയാണ് സഹോദരന്‍ ശൈഖ് ഖാജ സൗദിയില്‍നിന്ന് അവധിക്ക് നാട്ടിലേക്ക് തിരിക്കുന്നത്. ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയ ശൈഖ് ഖാജയെ പക്ഷേ, പൊലീസ് കുടുക്കി, ഷാഹിദ് ബിലാലിന്റെ കൂട്ടാളി എന്ന പേരില്‍. ഹൈദരാബാദില്‍നിന്നാണ് പിടികൂടിയതെങ്കിലും ശ്രീലങ്കയില്‍നിന്ന് അറസ്റ്റ് ചെയ്തതായാണ് രേഖകള്‍. പാകിസ്താനിലും ബംഗ്ലാദേശിലും തീവ്രവാദ പരിശീലനം നേടിയയാളാണെന്ന് പൊലീസ് വിശദീകരിക്കുകയും ചെയ്യുന്നു.
ജയിലിലായ സഹോദരനെ സന്ദര്‍ശിക്കാന്‍ പോയതാണ് രണ്ടാംവട്ടവും എന്നെ ജയിലിലെത്തിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി അനുമതി വാങ്ങി സഹോദരനെ സന്ദര്‍ശിച്ചിറങ്ങവെ പൊലീസ് പിടികൂടുകയായിരുന്നു. കോടതി വെറുതെ വിട്ടിട്ടും നീയെന്തിനാണ് ഈ കേസിന്റെ പിന്നാലെ കൂടിയിരിക്കുന്നതെന്ന് ചോദിച്ച് മര്‍ദനമായിരുന്നു പിന്നീട്. ഇത് ചോദ്യംചെയ്തതോടെ പൊലീസ് രണ്ട് കേസുകള്‍കൂടി ചുമത്തി. ജയിലിലുള്ള സഹോദരന് സിം കാര്‍ഡ് എത്തിച്ചുവെന്ന്. അതിക്രമിച്ച് കടക്കല്‍ (സെക്ഷന്‍ 448), തടവുപുള്ളികളെ രക്ഷപ്പെടാന്‍ സഹായിക്കല്‍ (സെക്ഷന്‍ 130) എന്നീ കുറ്റങ്ങള്‍ ചുമത്തി ചഞ്ചല്‍ഗുഡ ജയിലിലടയ്ക്കുകയും ചെയ്തു.
ചഞ്ചല്‍ഗുഡ ജയിലിലെത്തിയ കലീം പക്ഷേ, സത്യത്തിലേക്കുതുറന്ന മൂന്നാം കണ്ണായി മാറുകയായിരുന്നു എന്ന് പറയാം , അല്ലേ?
അവിടെവെച്ചാണ് അസിമാനന്ദ സ്വാമിയെ പരിചയപ്പെടുന്നത്. യഥാര്‍ഥത്തില്‍ ഞാന്‍ പരിചയപ്പെടുകയായിരുന്നില്ല, സഹതാപംകൊണ്ട് അടുത്തുപോയതാണ്. ആരോടും മിണ്ടാതെ ആരുടെയും സഹായമില്ലാതെ തികച്ചും ഒറ്റപ്പെട്ട നിലയിലായിരുന്നു അന്നൊക്കെ അസിമാനന്ദ. ഏതോ കുറ്റത്തിന് ജയിലിലെത്തിയ പ്രായമായ മനുഷ്യന്‍ എന്നാണ് ഞാന്‍ കരുതിയത്. പ്രായമായ മനുഷ്യരെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യണമെന്നാണല്ലോ നമ്മള്‍ പഠിച്ചിരിക്കുന്നത്. ആ നിലക്ക് അദ്ദേഹത്തിന് ഭക്ഷണവും വെള്ളവുമൊക്കെ എത്തിച്ചുകൊടുക്കും. ഭക്ഷണത്തിന്റെ ഇടവേളകളില്‍ എന്തെങ്കിലുമൊക്കെ സംസാരിക്കും. അതിനിടെ, ഒരിക്കല്‍ ഞാന്‍ എന്ത് കുറ്റത്തിനാണ് ജയിലില്‍ അകപ്പെട്ടതെന്ന് ചോദിച്ചു. എനിക്ക് മനസ്സറിവുപോലുമില്ലാത്ത മക്കാ മസ്ജിദ് സ്‌ഫോടനത്തിന്റെ പേരില്‍ ഒന്നരക്കൊല്ലം ജയിലില്‍ കിടന്നതും പഠനം പാതിവഴിയില്‍ പൊലീസ് തുലച്ചതുമെല്ലാം വിവരിച്ചതുകേട്ട് കുറച്ചുനേരം നിശ്ശബ്ദനായിരുന്ന അദ്ദേഹം പതുക്കെ പറഞ്ഞു: എന്നോട് ക്ഷമിക്കുക. എന്തിനെന്ന് ഞാന്‍ ചോദിച്ചില്ലെങ്കിലും അന്നേ ചില സന്ദേഹങ്ങള്‍ ഉടലെടുത്തിരുന്നു. അതിനിടെ, വിശദമായ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജന്‍സി അസിമാനന്ദയെ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു.

കുറച്ചു ദിവസത്തിനുശേഷം സി.ബി.ഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ എന്നെ കാണാനെത്തി. ''നീ എന്താണ് അസിമാനന്ദയോട് പറഞ്ഞത്'' എന്ന് ചോദിച്ചു. ഒന്നും മനസ്സിലാകാതെ മിഴിച്ചുനില്‍ക്കവെ ആ ഉദ്യോഗസ്ഥനാണ് വിശദീകരിച്ചത്, അസിമാനന്ദ സത്യമെല്ലാം തുറന്നുപറഞ്ഞ് കുറ്റമേറ്റ കാര്യം. അസിമാനന്ദക്ക് എന്നെ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തു. ഇതനുസരിച്ച് പ്രത്യേക അനുമതിയോടെ വീണ്ടും അസിമാനന്ദയെ സന്ദര്‍ശിച്ചപ്പോള്‍, ഒരു കുമ്പസാരത്തിന്റെ രൂപത്തില്‍ കുറ്റമെല്ലാം ഏറ്റുപറയുകയായിരുന്നു. ഒപ്പം, വീണ്ടും ക്ഷമാപണം നടത്തുകയും ചെയ്തു. എനിക്ക് ഒരുകാര്യമേ പറയാനുണ്ടായിരുന്നുള്ളൂ: അങ്ങ് യഥാര്‍ഥത്തില്‍ പശ്ചാത്തപിക്കുന്നുണ്ടെങ്കില്‍ ക്ഷമ ചോദിക്കേണ്ടത് എന്നോടല്ല, ഈ രാജ്യത്തോടാണ്. കാരണം, നിങ്ങളുടെ പ്രവൃത്തികളുടെ പേരില്‍ പീഡനമേല്‍ക്കുന്ന നൂറുകണക്കിന് പേരാണ് രാജ്യത്തെ വിവിധ ജയിലുകളില്‍ നരകിച്ച് കഴിയുന്നത്.
പശ്ചാത്താപത്തിന്റെ ഭാണ്ഡവും പേറി തുറന്നുപറച്ചിലിന്റെയും അന്വേഷണത്തിന്റെയും പാതയിലൂടെ അസിമാനന്ദ മുന്നേറുകയാണ്. കലീമിന് കോടതി ജാമ്യം അനുവദിച്ചു-ഇക്കഴിഞ്ഞ ജനുവരി 17ന്. ഇനി ഒരു മോഹമുണ്ട്.
മാതാവിന്റെ വാക്ക് നെഞ്ചേറ്റി നിയമപഠനം പൂര്‍ത്തിയാക്കണം. അഭിഭാഷകനായി പണം സമ്പാദിക്കാനല്ല, നിരപരാധികളായി ജയിലില്‍ കഴിയുന്ന നൂറുകണക്കിന് ആളുകള്‍ക്ക് നിയമപോരാട്ടത്തിലൂടെ മോചനത്തിന്റെ മാര്‍ഗം തുറക്കാന്‍.

2011, മാർച്ച് 16, ബുധനാഴ്‌ച

എം.ഐ.ഷാനവാസ് എം.പിക്ക് സംഭവിച്ചത് എന്താണ്???

ഷോര്‍ട് ബ്രേക്ക്
തയ്യാറാക്കിയത് ജയചന്ദ്രന്‍ ഇലങ്കത്ത്


shanavas.jpg

അറിഞ്ഞവരൊക്കെ ഷാനവാസിനെക്കുറിച്ചു പറയാന്‍ നല്ലതൊക്കെ കരുതിവയ്ക്കുന്ന തിരക്കിലായിരുന്നു. ഏതുനിമിഷവും അതു സംഭവിക്കാം. പുറത്താരുമറിയാതെ ഏതോ ആശുപത്രിയില്‍ ഷാനവാസ് ദിനങ്ങളെണ്ണിക്കഴിയുന്നു. അത്രയ്ക്കും ഭീകരമാണ് ഷാനവാസിനെ പിടികൂടിയ ‘’ലിവര്‍ കാന്‍സര്‍””. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. സ്ഥാനാര്‍ഥിച്ചര്‍ച്ചകളും ചില കോണുകളില്‍ ചൂടുപിടിച്ചു.

മൂക്കിലും വായിലും അടിവയറ്റിലും ചാര്‍ത്തിയിട്ട ട്യൂബുകള്‍ക്കു നടുവില്‍ ഒന്നു തിരിയാന്‍പോലുമാകാതെ ആശുപത്രിക്കിടക്കയില്‍ നിസഹായനായി ഷാനവാസ് കിടന്നു. മൂക്കിലെയും വായിലെയും ട്യൂബുകള്‍ നിശബ്ദമാക്കിയ തന്റെ ശബ്ദത്തിനുവേണ്ടി ഷാനവാസ് പരതി. എന്തൊക്കെയോ പറയാന്‍ നാക്കില്‍ ഉരുണ്ടുകൂടുന്നു. ശബ്ദംമാത്രം പുറത്തേക്കു വരുന്നില്ല. ദൈവമേ, ഇതെന്തൊരു പരീക്ഷണമാണ്... ഇത്രവേഗം ദൈവം തന്നെ തിരിച്ചുവിളിക്കുന്നുവോ... എന്തൊക്കെ ചെയ്യാന്‍ ബാക്കി കിടക്കുന്നു. ഒരു വിങ്ങല്‍ മാത്രം ഉള്ളില്‍ മൂളുന്നു.

കെപിസിസി ജനറല്‍ സെക്രട്ടറി എം.ഐ. ഷാനവാസി (59) ന് ഒന്നും സംഭവിച്ചില്ല. രണ്ടാം പിറവിയെടുത്ത് ഷാനവാസ് മടങ്ങിയെത്തി. ആ പിറവിയെടുക്കലില്‍ ദൈവത്തിന്റെ ഒരു കണ്ടുപിടിത്തമുണ്ട്. ആദ്യ പരിശോധനയില്‍ ഗുരുതരമായ കാന്‍സറാണെന്നു കണ്ടെത്തുന്നു. മരണത്തിനു കീഴടങ്ങാന്‍ തയാറാകുന്ന വേളയില്‍ അടുത്ത പരിശോധനയുടെ ഫലം പുറത്തുവരുന്നു. ആദ്യ പരിശോധനാഫലം തെറ്റ്. ഇത് കാന്‍സറല്ല, ഇതു കാന്‍സറേ അല്ല !!! ആദ്യ പതോളജി പരിശോധനയില്‍ പറ്റിയ ചെറിയൊരു പിശക് ഷാനവാസിനെ എന്തുമാത്രം തകര്‍ത്തെന്നോ. ഒടുവില്‍ ഉണ്ടായിരുന്ന ചെറിയ രോഗമെല്ലാം സുഖപ്പെട്ട് ഷാനവാസ് മടങ്ങിയെത്തി. ആ കഥകള്‍ക്കു പിന്നില്‍ ദൈവത്തിന്റെ അദൃശ്യസാന്നിധ്യമല്ലാതെ മറ്റെന്താണ്...?

പ്രതീക്ഷകള്‍ തകര്‍ത്ത ആ പരിശോധന
ഏതു തിരക്കിലും ഷാനവാസ് റമസാന്‍ നോമ്പ് മുടക്കാറേയില്ല. എല്ലാവര്‍ഷവും നോമ്പു കഴിയുമ്പോള്‍ ഷാനവാസ് സ്വന്തം ഭാരം നോക്കും. അഞ്ചോ ആറോ കിലോ ഭാരം കുറഞ്ഞിരിക്കും. ഇക്കുറിയും പതിവു തെറ്റിച്ചില്ല. പക്ഷേ, ഇത്തവണ നോക്കിയപ്പോള്‍ തൂക്കത്തില്‍ ഏഴു കിലോയുടെ കുറവ്. ഒരാഴ്ചയ്ക്കുശേഷം വീണ്ടും ഒരു കിലോകൂടി കുറഞ്ഞു. ഇതങ്ങനെ സാധാരണമല്ലല്ലോ.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി സിടി സ്കാന്‍ എടുത്തു. വയറ്റിലെ ബൈല്‍ ഡക്ടില്‍ (Bile duct) കല്ലു വളര്‍ന്ന് ബ്ളോക്ക് ആയിരിക്കുന്നു. വയറ്റില്‍ മുഴപോലെ എന്തോ ഒന്ന്. എത്രയുംവേഗം അത് എടുത്തുകളയണം. ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ തീയതിയും കുറിച്ചു. ഡിസംബര്‍ 16നു രാവിലെ ഏഴരയ്ക്ക് ശസ്ത്രക്രിയ തുടങ്ങി. വയര്‍ തുറന്നുവച്ചപ്പോള്‍ പെട്ടെന്ന് ഡോക്ടര്‍മാര്‍ ഒരു കാര്യം കണ്ടുപിടിച്ചു - കരളില്‍ അസാധാരണമായി എന്തോ വളര്‍ന്നിരിക്കുന്നു - മള്‍ട്ടിപ്പിള്‍ ഗ്രോത്ത്. ഡോക്ടര്‍മാര്‍ പരസ്പരം നോക്കി. എല്ലാവരുടെയും മുഖത്ത് ആശങ്ക.

ഷാനവാസ് മാത്രം ഇതൊന്നുമറിയാതെ ഓപ്പറേഷന്‍ ടേബിളില്‍ ബോധമറ്റുകിടന്നു. ഡോക്ടര്‍മാര്‍ ഉടന്‍ കരളില്‍ കണ്ട വളര്‍ച്ചയുടെ ഭാഗം എടുത്ത് ബയോപ്സി പരിശോധനയ്ക്കു കൊടുത്തു. പതോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് വൈകാതെ വന്നു - ഇതു കാന്‍സറാണ്. കാന്‍സറിന്റെ ഗുരുതരമായ ഘട്ടം. ഇനി വയറില്‍ ശസ്ത്രകിയ നടത്തിയിട്ടു കാര്യമില്ല. കരളില്‍ ഗുരുതരമായ കാന്‍സര്‍ ആണെങ്കില്‍ മറ്റൊരു ഓപ്പറേഷന്‍ റിസ്ക് ആണ്. അങ്ങനെ ആറു മണിക്കൂറോളം തുറന്നുവച്ചിരുന്ന വയര്‍ ഡോക്ടര്‍മാര്‍ തുന്നിക്കെട്ടി.

മഞ്ഞുരുകുംപോലെ പ്രതീക്ഷകള്‍
അപ്പോഴേക്കും ആശുപത്രിയില്‍ ആ വാര്‍ത്ത പരന്നു. എം.ഐ. ഷാനവാസ് എംപിക്കു ഗുരുതരമായ കരള്‍ കാന്‍സറാണ്. ആശുപത്രിയിലെ ഒട്ടുമിക്ക ഡോക്ടര്‍മാരും ഷാനവാസിനെ വന്നു പരിശോധിക്കുന്നു. കാഴ്ചവസ്തുപോലെ ഒന്നും മിണ്ടാതെ ഷാനവാസ് കിടന്നു. ഒടുവില്‍ നിര്‍ബന്ധമായി ഡോക്ടര്‍മാരോടു ഷാനവാസ് കാര്യം ചോദിച്ചപ്പോള്‍ മടിച്ചുമടി’ച്ചു ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി: ‘താങ്കള്‍ക്ക് ലിവര്‍ കാന്‍സര്‍ ആണ്”. സപ്തനാഡികളും തളര്‍ന്നു ഷാനവാസ് കിടന്നു. ഭാര്യ ജൂബൈരിയത്തും മക്കളും ഷാനവാസ് കാണാതെ മാറിനിന്നു കരഞ്ഞു. 85 വയസുള്ള ഉമ്മ നൂര്‍ജഹാന്‍ ബീഗം വീട്ടില്‍ തലയടിച്ചുകരഞ്ഞു. പ്രതീക്ഷകള്‍ നശിച്ച ഒരു രാത്രി സഹോദരന്‍ കൊച്ചി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ജുനൈദിനെ അടുത്തുവിളിച്ചു ഷാനവാസ് പറഞ്ഞു: ‘’ എനിക്കെന്തെങ്കിലും പറ്റിയാല്‍ എന്റെ മക്കളെ നീ നോക്കിക്കോണം.

എ.കെ. ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വിവരമറിയിക്കാന്‍ ഷാനവാസ് ഡോ. ജുനൈദിനെ ചുമതലപ്പെടുത്തി. വിവരമറിഞ്ഞയുടന്‍ ആന്റണി വിളിച്ചു: ലോകത്ത് ഏത് ആശുപത്രിയില്‍ വേണേലും ഷാജിയെ കൊണ്ടുപോകാം. ഒന്നും പേടിക്കേണ്ട...” ഉമ്മന്‍ ചാണ്ടിയും രമേശും പാഞ്ഞെത്തി. ആശ്വസിപ്പിക്കലിന്റെ നനുത്ത സ്പര്‍ശനങ്ങള്‍ക്കു നടുവിലും രാത്രി മുഴുവന്‍ ഇന്റര്‍നെറ്റ് പരതി ഷാനവാസ് ഉറക്കമിളച്ചു. ലിവര്‍ കാന്‍സറിനെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങളൊക്കെ തേടി. ഒന്നുമാത്രം അറിഞ്ഞാല്‍ മതി: ലിവര്‍ കാന്‍സര്‍ വന്നാല്‍ എത്രകാലംകൂടി ജീവിക്കും? ജീവിക്കാന്‍ അത്രയേറെ കൊതി തോന്നുന്നു.

ഇന്റര്‍നെറ്റിലെ ഒരു വാചകം സകല ശക്തിയും ചോര്‍ത്തിക്കളഞ്ഞു:‘Just like a snowman standing in sunlight- അതെ, മഞ്ഞുമനുഷ്യനെപ്പോലെ നിമിഷനേരംകൊണ്ട് ഉരുകിത്തീരും! ഇനിയെന്തിന് അന്വേഷണം, ചികില്‍സ... പക്ഷേ, ഇന്റര്‍നെറ്റ് ചില പ്രതീക്ഷകളും കാത്തുവച്ചു. കുറെക്കാലമൊക്കെ ജീവിച്ചിരിക്കാന്‍ മരുന്നും ചികില്‍സയുമുണ്ട്. ചികില്‍സയും സമയവും തീരുമാനിക്കുന്ന ഇടവേളയില്‍ ഷാനവാസിനെ ഡിസ്ചാര്‍ജ് ചെയ്തു. ജനുവരി നാലിന് കാന്‍സറിനുള്ള ചികില്‍സ തുടങ്ങാം. കീമോതെറപ്പി ഉള്‍പ്പെടെ എല്ലാം ചികില്‍സയ്ക്കും സമയക്രമവും നിശ്ചയിച്ചു. മക്കയിലും മദീനയിലും നേര്‍ച്ചകള്‍ നേര്‍ന്നു ഷാനവാസും കാത്തിരുന്നു.

ദൈവത്തിന്റെ ആ കണ്ടുപിടിത്തം
ഇതിനിടെ, ബയോപ്സി പരിശോധനയ്ക്കു കൊടുത്തതിന്റെ സ്പെസിമെന്‍ ശീതീകരിച്ചു സൂക്ഷിച്ചിരുന്നതിന്റെ സ്ളൈഡുകള്‍ ആശുപത്രിയില്‍നിന്ന് ഡോ. ജുനൈദിനു കിട്ടി. വീട്ടില്‍ ആരോടും പറയാതെ ഡോ. ജുനൈദ് അതുമായി ജനറല്‍ ആശുപത്രിയില്‍ പോയി. ജ്യേഷ്ഠന്റെ കരള്‍ഭാഗങ്ങളും കയ്യില്‍വച്ചു തളര്‍ന്നിരുന്ന ഡോ. ജുനൈദിനു മുന്നില്‍ ആശുപത്രിയിലെ ജൂനിയര്‍ പതോളജിസ്റ്റ് ഡോ. ശ്രീലത കടന്നുവന്നതു പെട്ടെന്നായിരുന്നു. ശ്രീലത പറഞ്ഞു: ഡോക്ടര്‍, ഞാനിതൊന്നു പരിശോധിച്ചോട്ടെ? ആശയ്ക്കു വകയില്ലെങ്കിലും ഡോ. ജുനൈദ് അതു ശ്രീലതയ്ക്കു കൈമാറി. മൈക്രോസ്കോപ്പിലൂടെ സ്ളൈഡുകള്‍ നോക്കിയ ശ്രീലതയുടെ കണ്ണുകള്‍ തിളങ്ങി.

ശ്രീലത ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ‘no, no, no… there is no malignancy at all… പേടിക്കാനൊന്നുമില്ല; ഇതു കാന്‍സറല്ല... ഉറപ്പ്”. ഡോ. ജുനൈദിന് ഒട്ടും വിശ്വാസമായില്ല. പക്ഷേ, എവിടെയൊ എന്തോ സംഭവിച്ചിട്ടുണ്ടെന്നു ഡോ. ജുനൈദിനു പതിയെ തോന്നിത്തുടങ്ങി. പിറ്റേന്ന് ലേക്ഷോര്‍ ആശുപത്രിയില്‍ ഡോ. പുഷ്പ മഹാദേവന്റെ നേതൃത്വത്തില്‍ നാല് പതോളജിസ്റ്റുകള്‍ ഒരേസമയം സ്ളൈഡുകള്‍ പരിശോധിച്ചു. ഒടുവില്‍ ഡോ. പുഷ്പയും സ്ഥിരീകരിച്ചു: there is no malignancy, no liver cancer...

ഈ സമയം കൊച്ചിയിലെ ഫ്ളാറ്റില്‍ ഷാനവാസിനെ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി രോഗവിവരം കേട്ട് താടിക്കു കയ്യുംകൊടുത്തിരിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ആശ്വസിപ്പിക്കലുകള്‍ക്കിടെ ദൈവവിളി പോലെ ആ ഫോണ്‍ കോള്‍ വന്നു, ഡോ. ജുനൈദിന്റെ. ‘’’ഷാജിയണ്ണാ, അല്‍ഹംദുലില്ലാ... പടച്ചോന്‍ കാത്തു. ഇതു കാന്‍സറല്ല, ഉറപ്പിച്ചു. സന്തോഷത്തില്‍ പൊട്ടിക്കരച്ചിലായി ജുനൈദിന്റെ വാക്കുകള്‍. ഫോണ്‍ വാങ്ങി ജുനൈദുമായി സംസാരിച്ച ഉമ്മന്‍ ചാണ്ടി ചാടിയെഴുന്നേറ്റ് ഷാനവാസിനെ കെട്ടിപ്പിടിച്ചു, ആ കണ്ണുകള്‍ നിറഞ്ഞു. ആദ്യ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ കാന്‍സറിനു കീമോ തെറപ്പി ഉള്‍പ്പെടെ ചികില്‍സ തുടങ്ങിയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഷാനവാസിന്റെ സ്ഥിതി...? ഡോ. ശ്രീലതയുടെ കണ്ടുപിടിത്തം ദൈവകല്‍പനയല്ലാതെ പിന്നെ മറ്റെന്താണ്...?

ഉറപ്പിക്കാന്‍ മുംബൈയിലേക്ക്
എന്നിട്ടും ഷാനവാസിനു മാത്രം വിശ്വാസമായില്ല. മുംബൈയില്‍ ടാറ്റ കാന്‍സര്‍ സെന്ററില്‍ ഒന്നുകൂടി പരിശോധിക്കണമെന്നു ഷാനവാസ് നിര്‍ബന്ധം പിടിച്ചു. വിവരമറിഞ്ഞ പാടെ എ.കെ. ആന്റണി ഗുലാം നബി ആസാദിനെ വിളിച്ചു മുംബൈയില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. ഡോക്ടര്‍മാരുടെ സംഘത്തോടൊപ്പം ഷാനവാസിനെ മുംബൈയിലേക്കു കൊണ്ടുപോയി. തിരക്കിട്ട എല്ലാ പരിപാടികളും റദ്ദാക്കി രമേശ് ചെന്നിത്തലയും മുംബൈയിലെത്തി. ഒന്നര ദിവസം ടാറ്റ കാന്‍സര്‍ സെന്ററില്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ ഷാനവാസും കുടുംബവും കഴിഞ്ഞു. ഒടുവില്‍ റിസല്‍റ്റ് വന്നു: കാന്‍സറല്ല... പിന്നെയെല്ലാം പെട്ടെന്നായിരുന്നു. മുബൈ ലീലാവതി ആശുപത്രിയിലെ ഡോ. ജഗന്നാഥന്‍ ഉള്‍പ്പെടെ രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍. ഒടുവില്‍ കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ഡോ. രമേശിന്റെ നേതൃത്വത്തില്‍ വയറിലെ ശസ്ത്രക്രിയ തീരുമാനിച്ചു.

നിശ്ചയിച്ച ദിവസം രണ്ടാമത്തെ ശസ്ത്രക്രിയ തുടങ്ങി. നേരത്തെ കരളില്‍ വളര്‍ച്ചയുണ്ടെന്നു കണ്ടെത്തിയ ഭാഗം ആദ്യംതന്നെ ഡോക്ടര്‍മാര്‍ നോക്കി. അത്ഭുതം, കരളില്‍ അങ്ങനെയൊരു ലക്ഷണമേ കാണാനില്ല. ആദ്യത്തെ ശസ്ത്രക്രിയയുടെ മുറിവുണങ്ങാന്‍ കഴിച്ച ആന്റിബയോട്ടിക്കുകളുടെ ഫലംകൊണ്ട് കരളിലെ ആ ചെറിയ വളര്‍ച്ച അപ്പാടെ മാറിയിരിക്കുന്നു! ഇത് അത്ഭുതമല്ലാതെ മറ്റെന്താണ്?

ഡിസംബര്‍ 16നും ജനുവരി ആറിനുമായി രണ്ട് ഓപ്പറേഷനുകള്‍, 20 ദിവസത്തെ ഇടവേളയില്‍. ആകെ പതിനാറു മണിക്കൂര്‍ വയര്‍ തുറന്നുവച്ചു കഴിഞ്ഞു. ശസ്ത്രക്രിയയ്ക്കുശേഷം മൂന്നാഴ്ച ആശുപത്രിയില്‍ കിടന്നു, മൂക്കിലും വായിലുമൊക്കെയായി മുഖം മുഴുവന്‍ ട്യൂബുകള്‍, വിസര്‍ജ്യങ്ങള്‍ പോകാന്‍ വേറെ ട്യൂബ്. ട്യൂബിലൂടെ പ്രോട്ടീനുകള്‍ മാത്രം കുത്തിവച്ചുകൊണ്ടിരുന്നു. ഉറക്കമില്ലാത്ത രാത്രികള്‍. ഒരേ കിടപ്പുകിടന്ന് പുറമാകെ പൊട്ടിയടര്‍ന്നു. ട്യൂബ് ഇട്ടപ്പോള്‍ വോക്കല്‍ കോഡിനുണ്ടായ പ്രശ്നംമൂലം ഷാനവാസിന്റെ ശബ്ദവും ക്ഷീണിച്ചു നേര്‍ത്തു.

മൂന്നാഴ്ചയ്ക്കുശേഷം ഷാനവാസ് മടങ്ങിവന്നു. വീട്ടിലേക്കും ജീവിതത്തിലേക്കും. അത്രയും കാലത്തെ പട്ടിണിമൂലം ഷാനവാസ് ആകെ ക്ഷീണിച്ചു, ശരീരമാകെ മെലിഞ്ഞു. കൊച്ചിയിലെ ഫ്ളാറ്റില്‍ സന്ദര്‍ശകരെ അനുവദിക്കാതെ കുറെ ദിവസങ്ങള്‍. ഷാനവാസിനെക്കുറിച്ചുള്ള വിവരങ്ങളൊന്നുമറിയാതെ കഥകള്‍ പിന്നെയും പരന്നു. ഷാനവാസ് അമേരിക്കയിലെ ആശുപത്രിയിലാണ്. അല്ല, ഇംഗണ്ടിലെ ആശുപത്രിയിലാണ്. മറ്റു ചിലര്‍ പ്രാര്‍ഥിച്ചു, ആരോഗ്യം തിരിച്ചുകിട്ടി വേഗം മടങ്ങി വരണേ... അപ്പോഴും കൊച്ചി നഗരത്തിലെ ഫ്ളാറ്റില്‍ ഷാനവാസ് അതിവേഗം ജീവിതത്തിലേക്കു മടങ്ങിവന്നുകൊണ്ടിരിക്കുകയായിരുന്നു.

ക്ളൈമാക്സില്‍ അമ്മ വിളയാട്ടം
ആശുപത്രി വിട്ട് നേരെവന്നത് സഹോദരന്റെ ഫ്ളാറ്റിലേക്കാണ്. ട്യൂബുകളൊക്കെ മാറ്റി കഞ്ഞി കുടിക്കാമെന്നായപ്പോള്‍ ഒരു ദിവസം അതും ഷാനവാസിനെ ആക്രമിച്ചു - ചിക്കന്‍ പോക്സ്. ദേഹമാകെ കുരുക്കള്‍ വന്നു പൊട്ടി. രണ്ടാഴ്ച ചിക്കന്‍ പോക്സുമായി മല്ലിട്ടു. അതറിഞ്ഞ് ചിലര്‍ പറഞ്ഞു: ‘ ഇത് അമ്മ വിളയാട്ടമാണ്. ദേവിയുടെ അനുഗ്രഹം. ഇനി ഷാനവാസിനു നല്ല കാലമാണ്”. രമേശ് ചെന്നിത്തലയും അങ്ങനെയൊരു കഥ പറഞ്ഞുകൊടുത്തു: ‘പണ്ട് പാര്‍ട്ടിയില്‍ സ്ഥാനമൊന്നുമില്ലാതെ നടക്കുന്ന കാലത്ത് എനിക്ക് ചിക്കന്‍ പോക്സ് വന്നു. കടുത്ത ചിക്കന്‍ പോക്സ്. പക്ഷേ, അതു പൊറുത്തുകഴിഞ്ഞപ്പോള്‍ ഉടന്‍ ഞാന്‍ എഐസിസി സെക്രട്ടറിയായി. അതെ, ഇത് അമ്മ വിളയാട്ടമാണ്...”

ഇപ്പോള്‍ ഷാനവാസിനു ശബ്ദം തിരിച്ചുകിട്ടി. ആരോഗ്യവും മടങ്ങിവന്നു. മരുന്നുകളെല്ലാം നിര്‍ത്തി. ഭക്ഷണവും ചിട്ടകളുമെല്ലാം പഴയപടിയായി. ഇനിയെല്ലാം ഷാനവാസിനു പറയാനുള്ളതാണ്. ജീവിതത്തിലെ ഗുരുതരമായ പ്രതിസന്ധിക്കിടയില്‍ മനസ്സിനെ ഒരുപാട് വേദനിപ്പിച്ച വാര്‍ത്തകള്‍ക്കു നടുവിലാണ് ഞാന്‍ ജീവിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍നിന്ന് എന്നെ ഹെലികോപ്ടറില്‍ നെടുമ്പാശേരിയിലെത്തിച്ച് അവിടെനിന്നു മുംബൈയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നു ചിലര്‍ പറഞ്ഞുപരത്തി.

ജീവിതത്തിലിതേ വരെ ഞാന്‍ ഹെലികോപ്ടറില്‍ കയറിയിട്ടില്ല. ആശുപത്രിയില്‍ വെന്റിലേറ്ററിലാണെന്നും ഏതുനിമിഷവും ഞാന്‍ മരിക്കുമെന്നും പറഞ്ഞുപരത്തുന്നതില്‍ ചിലര്‍ വലിയ രസം കണ്ടു - ഒരുതരം സാഡിസം. ഇതിനിടെ ലീഡര്‍ കെ. കരുണാകരന്‍ അന്തരിച്ചു. കെപിസിസിയുടെ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ എന്നെ മാത്രം അവിടെങ്ങും കണ്ടില്ല. ആളുകള്‍ക്കു പലതും പറയാന്‍ അതും കാരണമായി. സുഖം പ്രാപിച്ചശേഷം ഒരുദിവസം വയനാട്ടിലെ ഓഫിസില്‍ ചെന്നു. സന്ദര്‍ശകരെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മൂന്നു നാലു പേര്‍ ഗേറ്റ് കടന്നുവന്നു. അവര്‍ പറയുന്നതു ഞാന്‍ കേട്ടു: ‘നമ്മുടെ എംപി കസേരയിലൊക്കെ ഇരിക്കാറായെടാ...” പറഞ്ഞുപരത്തിയ കഥകള്‍ എന്തുമാത്രമായിരുന്നിരിക്കണം?

ഇതിനിടയിലും എന്നെ സ്നേഹിച്ച എത്രയോ പേരുണ്ട്. സോണിയ ഗാന്ധി നേരിട്ടു വിളിച്ചു സുഖവിവരം തിരക്കി. വയനാട്ടില്‍ എന്റെ ഏറ്റവും വലിയ ആഗ്രഹമായ ശ്രീ ചിത്ര മെഡിക്കല്‍ സെന്ററിന്റെ റിസര്‍ച്ച് സെന്റര്‍ ഉടന്‍ ആരംഭിക്കാന്‍ വകുപ്പുമന്ത്രിയെ വിളിച്ചു നിര്‍ദേശിക്കുകയും ചെയ്തു. താമരശേരി ബിഷപ് എല്ലാ അച്ചന്മാരെയും പങ്കെടുപ്പിച്ചു ദിവസവും പ്രാര്‍ഥന നടത്തി. കെപിസിസി സെക്രട്ടറി അജയ് മോഹന്റെ ഭാര്യ, ഷാനവാസ് ചേട്ടന്‍ ഇനി ടിവിയില്‍ പ്രത്യക്ഷപ്പെടുന്നതുവരെ നാട്ടിലെ ക്ഷേത്രത്തില്‍ നിത്യപൂജ നേര്‍ന്നു. രമേശ് ചെന്നിത്തല മൃത്യുഞ്ജയഹോമം നടത്തി. കൊല്ലം ഡിസിസി അംഗം പി.ആര്‍. പ്രതാപചന്ദ്രന്‍ ഏതാവശ്യത്തിനും കൊച്ചിയില്‍വന്ന് ഒപ്പം നിന്നു. സാധാരണക്കാരായ എത്രയോപേര്‍ എനിക്കുവേണ്ടി ക്ഷേത്രങ്ങളിലും പള്ളികളിലും നേര്‍ച്ചകള്‍ നേര്‍ന്നു.

ഇതില്‍നിന്നു ഞാന്‍ പഠിച്ച മൂന്നു പാഠങ്ങളുണ്ട്. 1. എത്ര വലിയ ആശുപത്രിയായാലും രോഗം കൃത്യമായി നിര്‍ണയിച്ചാലും രണ്ടാമതൊരു അഭിപ്രായം തേടാതെ ചികില്‍സ തുടങ്ങരുത്. 2. ഒരാള്‍ രോഗബാധിതനായി എന്നറിഞ്ഞാല്‍ കേള്‍ക്കുന്നതൊക്കെയും പറഞ്ഞുപരത്തരുത്. 3. മനുഷ്യന്‍ നിസാരനാണ്. അവന്റെ കയ്യില്‍ നില്‍ക്കുന്നതല്ല ഒന്നും. എത്ര ആരോഗ്യവാനും അടുത്ത നിമിഷം വീഴാം. അതുകൊണ്ട് എല്ലാം മറന്ന് അഹങ്കരിക്കാതിരിക്കുക.

ഷാനവാസ് ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഒരു പുസ്തകമുണ്ട്. മഹാരാഷ്ട്രാ മുന്‍മന്ത്രിയും മുന്‍ എംപിയുമായ റഫീഖ് സഖറിയ എഴുതിയ ഡിസ്കവറി ഓഫ് ഗോഡ് എന്ന പുസ്തകം. പുസ്തകത്തിലേക്കു ശ്രദ്ധയാകര്‍ഷിച്ച് ഷാനവാസ് പറഞ്ഞു: രണ്ടാമത്തെ ആ പരിശോധനാഫലം ദൈവത്തിന്റെ കണ്ടുപിടിത്തമല്ലെങ്കില്‍ പിന്നെയാരുടേതാണ് ?

കൊച്ചി നോര്‍ത്ത് റയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ ആനി തയ്യില്‍ റോഡിലെ ഫ്ളാറ്റിനു മുന്നില്‍ ചാനലിന്റെ ഓബി വാന്‍ വന്നുനിന്നു. കേരളത്തില്‍ തിരഞ്ഞെടുപ്പാണ്. രാത്രി ഒന്‍പതിനു ഷാനവാസ് ഇല്ലാതെ ചാനല്‍ ചര്‍ച്ചയില്ല. വിരലുകള്‍ക്കിടയില്‍ പേന തിരുകി, മുന്നോട്ടാഞ്ഞിരുന്ന്, അവതാരകനെ പേരെടുത്തു വിളിച്ച്, മൂന്നു പതിറ്റാണ്ടായി കെപിസിസി ജനറല്‍ സെക്രട്ടറിയായി തുടരുന്ന ഷാനവാസ് തുടങ്ങി, രണ്ടാമത്തെ ജീവിതം.

2011, മാർച്ച് 15, ചൊവ്വാഴ്ച

ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കുന്നു



കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ മസ്്ജിദ് കോഴിക്കോട് നിര്‍മിക്കുന്നു. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസിന്റെ ആഭിമുഖ്യത്തിലാണ് പള്ളി നിര്‍മാണ. 40 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് നരഗപരിധിക്കു പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. ഇന്തോസാരസാനിക് ശൈലിയിലായിരിക്കും മസ്ജിദിന്റെ നിര്‍മാണം. രണ്ടു വര്‍ഷം കൊണ്ട് മസ്ജിദിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും.
പ്രവാചകന്റെ മുടി മസ്്ജിദില്‍ സൂക്ഷിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നു. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്.
വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമിസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്റ് മോസ്‌ക്.
കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്റ് മോസ്‌കിന് ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.