2011, മാർച്ച് 24, വ്യാഴാഴ്‌ച

ഹറം ഇമാം സുദൈസ് ദയൂബന്ദില്‍ ജുമുഅക്ക് നേതൃത്വം നല്‍കും ( മാര്‍ച്ച്‌ 25 ,2011 )

ഇന്ത്യ സന്ദര്‍ശിക്കുന്ന ഹറം ഇമാമിന് ഇന്ന്(25/03/2011) ദയൂബന്ദില്‍ വന്‍ വരവേല്‍പ് നല്‍കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ അര്‍ഷദ് മദനി വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്നു പ്രത്യേകം തയ്യാറാക്കിയ ഹെലികോപ്റ്ററിലായിരിക്കും ഇമാം ദയൂബന്ദിലെത്തുക. സഊദി അറേബ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളും ഉദ്യോഗസ്ഥരും അനുഗമിക്കുന്നത് ഇമാമിന്റെ സന്ദര്‍ശനത്തിന് പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ട്. ദയൂബന്ദിലെ വിദ്യര്‍ത്ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും പുറമെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഇമാമിനെ സ്വീകരിക്കാന്‍ ദയൂബന്ദിലെത്തും. ഖുതുബക്കും ജുമുഅ നമസ്കാരത്തിനും അദ്ദേഹം നേതൃത്വം നല്‍കും. ജൂത ഗൂഢാലോചനക്കും തീവ്രവാദത്തിനുമെതിരായ കടുത്ത നിലപാടുകളെടുത്ത പേരില്‍ സുദൈസിന്റെ സന്ദര്‍ശനത്തിന് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വന്‍ വാര്‍ത്താ പ്രാധാന്യമാണു ഇമാമിന്റെ സന്ദര്‍ശനത്തിനു ലഭിച്ചിരിക്കുന്നത്. ഉറുദു മാധ്യമങ്ങള്‍ ആഴ്ചകളായി ഒന്നാം പേജില്‍ സന്ദര്‍ശനത്തിന്റെ വാര്‍ത്തകളും പരസ്യങ്ങളുമായി നിറഞ്ഞിരിക്കുകയാണ്. രാജ്യത്തോടും പ്രത്യേകിച്ച് കശ്മീര്‍ പോലുള്ള വിഷയങ്ങളോടുമുള്ള പ്രതികരണം വാര്‍ത്താമാധ്യമങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. ഇന്ത്യാ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററും ഇമാമിന് ആതിഥ്യമരുളുന്നു. ഹറം ഇമാമിന്റെ ബഹുമാനാര്‍ത്ഥം പാര്‍ലമെന്റ് അനെക്സില്‍ പ്രത്യേക അത്താഴവിരുന്ന് നല്‍കും. രാജ്യത്തെ രാഷ്ട്രീയമത മേഖലകളിലെ പ്രമുഖ നേതാക്കള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തും. 26നു രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക പാഠശാലയെന്നറിയപ്പെടുന്ന ദയൂബന്ദ് ദാറുല്‍ ഉലൂമിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യും. ദയൂബന്ദിലെ മസ്ജിദുര്‍റശീദില്‍ ജുമുഅ നമസ്കാരത്തിനു നേതൃത്വം നല്‍കിയ ശേഷം ഡല്‍ഹിയിലെ പ്രസിദ്ധമായ രാംലീലാ മൈതാനത്ത് ജംഇയ്യത്തുല്‍ ഉലമാ ഹിന്ദിന്റെ അര്‍ശദ് മദനി വിഭാഗം ഒരുക്കുന്ന "അസമത് എ സഹാബ' സമ്മേളനത്തില്‍ പ്രസംഗിക്കും.
1960 ഫെബ്രുവരി 10ന് സഊദി അറേബ്യയിലെ റിയാദില്‍ ജനിച്ച സുദൈസ് 12ാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. നജ്ദില്‍ വളര്‍ന്ന അദ്ദേഹം റിയാദിലെ അല്‍മുസന്നാ ബിന്‍ ഹാരിസ് എലമെന്ററി സ്കൂളില്‍ നിന്നാണ് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. 1979ല്‍ റിയാദ് സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ബിരുദം നേടി. 1983ല്‍ റിയാദ് യൂണിവേഴ്സിറ്റിയില്‍ നിന്നു ശരീഅയില്‍ ബിരുദവും 87ല്‍ കിംഗ് സഊദ് ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്സ് ബിരുദവും നേടി. 95ല്‍ ഉമ്മുല്‍ഖുറാ യൂണിവേഴ്സിറ്റിയില്‍ നിന്നു ശരീഅയില്‍ പിഎച്ച്ഡിയും പൂര്‍ത്തിയാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ