2011, മാർച്ച് 16, ബുധനാഴ്‌ച

എം.ഐ.ഷാനവാസ് എം.പിക്ക് സംഭവിച്ചത് എന്താണ്???

ഷോര്‍ട് ബ്രേക്ക്
തയ്യാറാക്കിയത് ജയചന്ദ്രന്‍ ഇലങ്കത്ത്


shanavas.jpg

അറിഞ്ഞവരൊക്കെ ഷാനവാസിനെക്കുറിച്ചു പറയാന്‍ നല്ലതൊക്കെ കരുതിവയ്ക്കുന്ന തിരക്കിലായിരുന്നു. ഏതുനിമിഷവും അതു സംഭവിക്കാം. പുറത്താരുമറിയാതെ ഏതോ ആശുപത്രിയില്‍ ഷാനവാസ് ദിനങ്ങളെണ്ണിക്കഴിയുന്നു. അത്രയ്ക്കും ഭീകരമാണ് ഷാനവാസിനെ പിടികൂടിയ ‘’ലിവര്‍ കാന്‍സര്‍””. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. സ്ഥാനാര്‍ഥിച്ചര്‍ച്ചകളും ചില കോണുകളില്‍ ചൂടുപിടിച്ചു.

മൂക്കിലും വായിലും അടിവയറ്റിലും ചാര്‍ത്തിയിട്ട ട്യൂബുകള്‍ക്കു നടുവില്‍ ഒന്നു തിരിയാന്‍പോലുമാകാതെ ആശുപത്രിക്കിടക്കയില്‍ നിസഹായനായി ഷാനവാസ് കിടന്നു. മൂക്കിലെയും വായിലെയും ട്യൂബുകള്‍ നിശബ്ദമാക്കിയ തന്റെ ശബ്ദത്തിനുവേണ്ടി ഷാനവാസ് പരതി. എന്തൊക്കെയോ പറയാന്‍ നാക്കില്‍ ഉരുണ്ടുകൂടുന്നു. ശബ്ദംമാത്രം പുറത്തേക്കു വരുന്നില്ല. ദൈവമേ, ഇതെന്തൊരു പരീക്ഷണമാണ്... ഇത്രവേഗം ദൈവം തന്നെ തിരിച്ചുവിളിക്കുന്നുവോ... എന്തൊക്കെ ചെയ്യാന്‍ ബാക്കി കിടക്കുന്നു. ഒരു വിങ്ങല്‍ മാത്രം ഉള്ളില്‍ മൂളുന്നു.

കെപിസിസി ജനറല്‍ സെക്രട്ടറി എം.ഐ. ഷാനവാസി (59) ന് ഒന്നും സംഭവിച്ചില്ല. രണ്ടാം പിറവിയെടുത്ത് ഷാനവാസ് മടങ്ങിയെത്തി. ആ പിറവിയെടുക്കലില്‍ ദൈവത്തിന്റെ ഒരു കണ്ടുപിടിത്തമുണ്ട്. ആദ്യ പരിശോധനയില്‍ ഗുരുതരമായ കാന്‍സറാണെന്നു കണ്ടെത്തുന്നു. മരണത്തിനു കീഴടങ്ങാന്‍ തയാറാകുന്ന വേളയില്‍ അടുത്ത പരിശോധനയുടെ ഫലം പുറത്തുവരുന്നു. ആദ്യ പരിശോധനാഫലം തെറ്റ്. ഇത് കാന്‍സറല്ല, ഇതു കാന്‍സറേ അല്ല !!! ആദ്യ പതോളജി പരിശോധനയില്‍ പറ്റിയ ചെറിയൊരു പിശക് ഷാനവാസിനെ എന്തുമാത്രം തകര്‍ത്തെന്നോ. ഒടുവില്‍ ഉണ്ടായിരുന്ന ചെറിയ രോഗമെല്ലാം സുഖപ്പെട്ട് ഷാനവാസ് മടങ്ങിയെത്തി. ആ കഥകള്‍ക്കു പിന്നില്‍ ദൈവത്തിന്റെ അദൃശ്യസാന്നിധ്യമല്ലാതെ മറ്റെന്താണ്...?

പ്രതീക്ഷകള്‍ തകര്‍ത്ത ആ പരിശോധന
ഏതു തിരക്കിലും ഷാനവാസ് റമസാന്‍ നോമ്പ് മുടക്കാറേയില്ല. എല്ലാവര്‍ഷവും നോമ്പു കഴിയുമ്പോള്‍ ഷാനവാസ് സ്വന്തം ഭാരം നോക്കും. അഞ്ചോ ആറോ കിലോ ഭാരം കുറഞ്ഞിരിക്കും. ഇക്കുറിയും പതിവു തെറ്റിച്ചില്ല. പക്ഷേ, ഇത്തവണ നോക്കിയപ്പോള്‍ തൂക്കത്തില്‍ ഏഴു കിലോയുടെ കുറവ്. ഒരാഴ്ചയ്ക്കുശേഷം വീണ്ടും ഒരു കിലോകൂടി കുറഞ്ഞു. ഇതങ്ങനെ സാധാരണമല്ലല്ലോ.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി സിടി സ്കാന്‍ എടുത്തു. വയറ്റിലെ ബൈല്‍ ഡക്ടില്‍ (Bile duct) കല്ലു വളര്‍ന്ന് ബ്ളോക്ക് ആയിരിക്കുന്നു. വയറ്റില്‍ മുഴപോലെ എന്തോ ഒന്ന്. എത്രയുംവേഗം അത് എടുത്തുകളയണം. ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ തീയതിയും കുറിച്ചു. ഡിസംബര്‍ 16നു രാവിലെ ഏഴരയ്ക്ക് ശസ്ത്രക്രിയ തുടങ്ങി. വയര്‍ തുറന്നുവച്ചപ്പോള്‍ പെട്ടെന്ന് ഡോക്ടര്‍മാര്‍ ഒരു കാര്യം കണ്ടുപിടിച്ചു - കരളില്‍ അസാധാരണമായി എന്തോ വളര്‍ന്നിരിക്കുന്നു - മള്‍ട്ടിപ്പിള്‍ ഗ്രോത്ത്. ഡോക്ടര്‍മാര്‍ പരസ്പരം നോക്കി. എല്ലാവരുടെയും മുഖത്ത് ആശങ്ക.

ഷാനവാസ് മാത്രം ഇതൊന്നുമറിയാതെ ഓപ്പറേഷന്‍ ടേബിളില്‍ ബോധമറ്റുകിടന്നു. ഡോക്ടര്‍മാര്‍ ഉടന്‍ കരളില്‍ കണ്ട വളര്‍ച്ചയുടെ ഭാഗം എടുത്ത് ബയോപ്സി പരിശോധനയ്ക്കു കൊടുത്തു. പതോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് വൈകാതെ വന്നു - ഇതു കാന്‍സറാണ്. കാന്‍സറിന്റെ ഗുരുതരമായ ഘട്ടം. ഇനി വയറില്‍ ശസ്ത്രകിയ നടത്തിയിട്ടു കാര്യമില്ല. കരളില്‍ ഗുരുതരമായ കാന്‍സര്‍ ആണെങ്കില്‍ മറ്റൊരു ഓപ്പറേഷന്‍ റിസ്ക് ആണ്. അങ്ങനെ ആറു മണിക്കൂറോളം തുറന്നുവച്ചിരുന്ന വയര്‍ ഡോക്ടര്‍മാര്‍ തുന്നിക്കെട്ടി.

മഞ്ഞുരുകുംപോലെ പ്രതീക്ഷകള്‍
അപ്പോഴേക്കും ആശുപത്രിയില്‍ ആ വാര്‍ത്ത പരന്നു. എം.ഐ. ഷാനവാസ് എംപിക്കു ഗുരുതരമായ കരള്‍ കാന്‍സറാണ്. ആശുപത്രിയിലെ ഒട്ടുമിക്ക ഡോക്ടര്‍മാരും ഷാനവാസിനെ വന്നു പരിശോധിക്കുന്നു. കാഴ്ചവസ്തുപോലെ ഒന്നും മിണ്ടാതെ ഷാനവാസ് കിടന്നു. ഒടുവില്‍ നിര്‍ബന്ധമായി ഡോക്ടര്‍മാരോടു ഷാനവാസ് കാര്യം ചോദിച്ചപ്പോള്‍ മടിച്ചുമടി’ച്ചു ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി: ‘താങ്കള്‍ക്ക് ലിവര്‍ കാന്‍സര്‍ ആണ്”. സപ്തനാഡികളും തളര്‍ന്നു ഷാനവാസ് കിടന്നു. ഭാര്യ ജൂബൈരിയത്തും മക്കളും ഷാനവാസ് കാണാതെ മാറിനിന്നു കരഞ്ഞു. 85 വയസുള്ള ഉമ്മ നൂര്‍ജഹാന്‍ ബീഗം വീട്ടില്‍ തലയടിച്ചുകരഞ്ഞു. പ്രതീക്ഷകള്‍ നശിച്ച ഒരു രാത്രി സഹോദരന്‍ കൊച്ചി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ജുനൈദിനെ അടുത്തുവിളിച്ചു ഷാനവാസ് പറഞ്ഞു: ‘’ എനിക്കെന്തെങ്കിലും പറ്റിയാല്‍ എന്റെ മക്കളെ നീ നോക്കിക്കോണം.

എ.കെ. ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും വിവരമറിയിക്കാന്‍ ഷാനവാസ് ഡോ. ജുനൈദിനെ ചുമതലപ്പെടുത്തി. വിവരമറിഞ്ഞയുടന്‍ ആന്റണി വിളിച്ചു: ലോകത്ത് ഏത് ആശുപത്രിയില്‍ വേണേലും ഷാജിയെ കൊണ്ടുപോകാം. ഒന്നും പേടിക്കേണ്ട...” ഉമ്മന്‍ ചാണ്ടിയും രമേശും പാഞ്ഞെത്തി. ആശ്വസിപ്പിക്കലിന്റെ നനുത്ത സ്പര്‍ശനങ്ങള്‍ക്കു നടുവിലും രാത്രി മുഴുവന്‍ ഇന്റര്‍നെറ്റ് പരതി ഷാനവാസ് ഉറക്കമിളച്ചു. ലിവര്‍ കാന്‍സറിനെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങളൊക്കെ തേടി. ഒന്നുമാത്രം അറിഞ്ഞാല്‍ മതി: ലിവര്‍ കാന്‍സര്‍ വന്നാല്‍ എത്രകാലംകൂടി ജീവിക്കും? ജീവിക്കാന്‍ അത്രയേറെ കൊതി തോന്നുന്നു.

ഇന്റര്‍നെറ്റിലെ ഒരു വാചകം സകല ശക്തിയും ചോര്‍ത്തിക്കളഞ്ഞു:‘Just like a snowman standing in sunlight- അതെ, മഞ്ഞുമനുഷ്യനെപ്പോലെ നിമിഷനേരംകൊണ്ട് ഉരുകിത്തീരും! ഇനിയെന്തിന് അന്വേഷണം, ചികില്‍സ... പക്ഷേ, ഇന്റര്‍നെറ്റ് ചില പ്രതീക്ഷകളും കാത്തുവച്ചു. കുറെക്കാലമൊക്കെ ജീവിച്ചിരിക്കാന്‍ മരുന്നും ചികില്‍സയുമുണ്ട്. ചികില്‍സയും സമയവും തീരുമാനിക്കുന്ന ഇടവേളയില്‍ ഷാനവാസിനെ ഡിസ്ചാര്‍ജ് ചെയ്തു. ജനുവരി നാലിന് കാന്‍സറിനുള്ള ചികില്‍സ തുടങ്ങാം. കീമോതെറപ്പി ഉള്‍പ്പെടെ എല്ലാം ചികില്‍സയ്ക്കും സമയക്രമവും നിശ്ചയിച്ചു. മക്കയിലും മദീനയിലും നേര്‍ച്ചകള്‍ നേര്‍ന്നു ഷാനവാസും കാത്തിരുന്നു.

ദൈവത്തിന്റെ ആ കണ്ടുപിടിത്തം
ഇതിനിടെ, ബയോപ്സി പരിശോധനയ്ക്കു കൊടുത്തതിന്റെ സ്പെസിമെന്‍ ശീതീകരിച്ചു സൂക്ഷിച്ചിരുന്നതിന്റെ സ്ളൈഡുകള്‍ ആശുപത്രിയില്‍നിന്ന് ഡോ. ജുനൈദിനു കിട്ടി. വീട്ടില്‍ ആരോടും പറയാതെ ഡോ. ജുനൈദ് അതുമായി ജനറല്‍ ആശുപത്രിയില്‍ പോയി. ജ്യേഷ്ഠന്റെ കരള്‍ഭാഗങ്ങളും കയ്യില്‍വച്ചു തളര്‍ന്നിരുന്ന ഡോ. ജുനൈദിനു മുന്നില്‍ ആശുപത്രിയിലെ ജൂനിയര്‍ പതോളജിസ്റ്റ് ഡോ. ശ്രീലത കടന്നുവന്നതു പെട്ടെന്നായിരുന്നു. ശ്രീലത പറഞ്ഞു: ഡോക്ടര്‍, ഞാനിതൊന്നു പരിശോധിച്ചോട്ടെ? ആശയ്ക്കു വകയില്ലെങ്കിലും ഡോ. ജുനൈദ് അതു ശ്രീലതയ്ക്കു കൈമാറി. മൈക്രോസ്കോപ്പിലൂടെ സ്ളൈഡുകള്‍ നോക്കിയ ശ്രീലതയുടെ കണ്ണുകള്‍ തിളങ്ങി.

ശ്രീലത ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ‘no, no, no… there is no malignancy at all… പേടിക്കാനൊന്നുമില്ല; ഇതു കാന്‍സറല്ല... ഉറപ്പ്”. ഡോ. ജുനൈദിന് ഒട്ടും വിശ്വാസമായില്ല. പക്ഷേ, എവിടെയൊ എന്തോ സംഭവിച്ചിട്ടുണ്ടെന്നു ഡോ. ജുനൈദിനു പതിയെ തോന്നിത്തുടങ്ങി. പിറ്റേന്ന് ലേക്ഷോര്‍ ആശുപത്രിയില്‍ ഡോ. പുഷ്പ മഹാദേവന്റെ നേതൃത്വത്തില്‍ നാല് പതോളജിസ്റ്റുകള്‍ ഒരേസമയം സ്ളൈഡുകള്‍ പരിശോധിച്ചു. ഒടുവില്‍ ഡോ. പുഷ്പയും സ്ഥിരീകരിച്ചു: there is no malignancy, no liver cancer...

ഈ സമയം കൊച്ചിയിലെ ഫ്ളാറ്റില്‍ ഷാനവാസിനെ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി രോഗവിവരം കേട്ട് താടിക്കു കയ്യുംകൊടുത്തിരിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ആശ്വസിപ്പിക്കലുകള്‍ക്കിടെ ദൈവവിളി പോലെ ആ ഫോണ്‍ കോള്‍ വന്നു, ഡോ. ജുനൈദിന്റെ. ‘’’ഷാജിയണ്ണാ, അല്‍ഹംദുലില്ലാ... പടച്ചോന്‍ കാത്തു. ഇതു കാന്‍സറല്ല, ഉറപ്പിച്ചു. സന്തോഷത്തില്‍ പൊട്ടിക്കരച്ചിലായി ജുനൈദിന്റെ വാക്കുകള്‍. ഫോണ്‍ വാങ്ങി ജുനൈദുമായി സംസാരിച്ച ഉമ്മന്‍ ചാണ്ടി ചാടിയെഴുന്നേറ്റ് ഷാനവാസിനെ കെട്ടിപ്പിടിച്ചു, ആ കണ്ണുകള്‍ നിറഞ്ഞു. ആദ്യ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ കാന്‍സറിനു കീമോ തെറപ്പി ഉള്‍പ്പെടെ ചികില്‍സ തുടങ്ങിയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഷാനവാസിന്റെ സ്ഥിതി...? ഡോ. ശ്രീലതയുടെ കണ്ടുപിടിത്തം ദൈവകല്‍പനയല്ലാതെ പിന്നെ മറ്റെന്താണ്...?

ഉറപ്പിക്കാന്‍ മുംബൈയിലേക്ക്
എന്നിട്ടും ഷാനവാസിനു മാത്രം വിശ്വാസമായില്ല. മുംബൈയില്‍ ടാറ്റ കാന്‍സര്‍ സെന്ററില്‍ ഒന്നുകൂടി പരിശോധിക്കണമെന്നു ഷാനവാസ് നിര്‍ബന്ധം പിടിച്ചു. വിവരമറിഞ്ഞ പാടെ എ.കെ. ആന്റണി ഗുലാം നബി ആസാദിനെ വിളിച്ചു മുംബൈയില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. ഡോക്ടര്‍മാരുടെ സംഘത്തോടൊപ്പം ഷാനവാസിനെ മുംബൈയിലേക്കു കൊണ്ടുപോയി. തിരക്കിട്ട എല്ലാ പരിപാടികളും റദ്ദാക്കി രമേശ് ചെന്നിത്തലയും മുംബൈയിലെത്തി. ഒന്നര ദിവസം ടാറ്റ കാന്‍സര്‍ സെന്ററില്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ ഷാനവാസും കുടുംബവും കഴിഞ്ഞു. ഒടുവില്‍ റിസല്‍റ്റ് വന്നു: കാന്‍സറല്ല... പിന്നെയെല്ലാം പെട്ടെന്നായിരുന്നു. മുബൈ ലീലാവതി ആശുപത്രിയിലെ ഡോ. ജഗന്നാഥന്‍ ഉള്‍പ്പെടെ രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍. ഒടുവില്‍ കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ഡോ. രമേശിന്റെ നേതൃത്വത്തില്‍ വയറിലെ ശസ്ത്രക്രിയ തീരുമാനിച്ചു.

നിശ്ചയിച്ച ദിവസം രണ്ടാമത്തെ ശസ്ത്രക്രിയ തുടങ്ങി. നേരത്തെ കരളില്‍ വളര്‍ച്ചയുണ്ടെന്നു കണ്ടെത്തിയ ഭാഗം ആദ്യംതന്നെ ഡോക്ടര്‍മാര്‍ നോക്കി. അത്ഭുതം, കരളില്‍ അങ്ങനെയൊരു ലക്ഷണമേ കാണാനില്ല. ആദ്യത്തെ ശസ്ത്രക്രിയയുടെ മുറിവുണങ്ങാന്‍ കഴിച്ച ആന്റിബയോട്ടിക്കുകളുടെ ഫലംകൊണ്ട് കരളിലെ ആ ചെറിയ വളര്‍ച്ച അപ്പാടെ മാറിയിരിക്കുന്നു! ഇത് അത്ഭുതമല്ലാതെ മറ്റെന്താണ്?

ഡിസംബര്‍ 16നും ജനുവരി ആറിനുമായി രണ്ട് ഓപ്പറേഷനുകള്‍, 20 ദിവസത്തെ ഇടവേളയില്‍. ആകെ പതിനാറു മണിക്കൂര്‍ വയര്‍ തുറന്നുവച്ചു കഴിഞ്ഞു. ശസ്ത്രക്രിയയ്ക്കുശേഷം മൂന്നാഴ്ച ആശുപത്രിയില്‍ കിടന്നു, മൂക്കിലും വായിലുമൊക്കെയായി മുഖം മുഴുവന്‍ ട്യൂബുകള്‍, വിസര്‍ജ്യങ്ങള്‍ പോകാന്‍ വേറെ ട്യൂബ്. ട്യൂബിലൂടെ പ്രോട്ടീനുകള്‍ മാത്രം കുത്തിവച്ചുകൊണ്ടിരുന്നു. ഉറക്കമില്ലാത്ത രാത്രികള്‍. ഒരേ കിടപ്പുകിടന്ന് പുറമാകെ പൊട്ടിയടര്‍ന്നു. ട്യൂബ് ഇട്ടപ്പോള്‍ വോക്കല്‍ കോഡിനുണ്ടായ പ്രശ്നംമൂലം ഷാനവാസിന്റെ ശബ്ദവും ക്ഷീണിച്ചു നേര്‍ത്തു.

മൂന്നാഴ്ചയ്ക്കുശേഷം ഷാനവാസ് മടങ്ങിവന്നു. വീട്ടിലേക്കും ജീവിതത്തിലേക്കും. അത്രയും കാലത്തെ പട്ടിണിമൂലം ഷാനവാസ് ആകെ ക്ഷീണിച്ചു, ശരീരമാകെ മെലിഞ്ഞു. കൊച്ചിയിലെ ഫ്ളാറ്റില്‍ സന്ദര്‍ശകരെ അനുവദിക്കാതെ കുറെ ദിവസങ്ങള്‍. ഷാനവാസിനെക്കുറിച്ചുള്ള വിവരങ്ങളൊന്നുമറിയാതെ കഥകള്‍ പിന്നെയും പരന്നു. ഷാനവാസ് അമേരിക്കയിലെ ആശുപത്രിയിലാണ്. അല്ല, ഇംഗണ്ടിലെ ആശുപത്രിയിലാണ്. മറ്റു ചിലര്‍ പ്രാര്‍ഥിച്ചു, ആരോഗ്യം തിരിച്ചുകിട്ടി വേഗം മടങ്ങി വരണേ... അപ്പോഴും കൊച്ചി നഗരത്തിലെ ഫ്ളാറ്റില്‍ ഷാനവാസ് അതിവേഗം ജീവിതത്തിലേക്കു മടങ്ങിവന്നുകൊണ്ടിരിക്കുകയായിരുന്നു.

ക്ളൈമാക്സില്‍ അമ്മ വിളയാട്ടം
ആശുപത്രി വിട്ട് നേരെവന്നത് സഹോദരന്റെ ഫ്ളാറ്റിലേക്കാണ്. ട്യൂബുകളൊക്കെ മാറ്റി കഞ്ഞി കുടിക്കാമെന്നായപ്പോള്‍ ഒരു ദിവസം അതും ഷാനവാസിനെ ആക്രമിച്ചു - ചിക്കന്‍ പോക്സ്. ദേഹമാകെ കുരുക്കള്‍ വന്നു പൊട്ടി. രണ്ടാഴ്ച ചിക്കന്‍ പോക്സുമായി മല്ലിട്ടു. അതറിഞ്ഞ് ചിലര്‍ പറഞ്ഞു: ‘ ഇത് അമ്മ വിളയാട്ടമാണ്. ദേവിയുടെ അനുഗ്രഹം. ഇനി ഷാനവാസിനു നല്ല കാലമാണ്”. രമേശ് ചെന്നിത്തലയും അങ്ങനെയൊരു കഥ പറഞ്ഞുകൊടുത്തു: ‘പണ്ട് പാര്‍ട്ടിയില്‍ സ്ഥാനമൊന്നുമില്ലാതെ നടക്കുന്ന കാലത്ത് എനിക്ക് ചിക്കന്‍ പോക്സ് വന്നു. കടുത്ത ചിക്കന്‍ പോക്സ്. പക്ഷേ, അതു പൊറുത്തുകഴിഞ്ഞപ്പോള്‍ ഉടന്‍ ഞാന്‍ എഐസിസി സെക്രട്ടറിയായി. അതെ, ഇത് അമ്മ വിളയാട്ടമാണ്...”

ഇപ്പോള്‍ ഷാനവാസിനു ശബ്ദം തിരിച്ചുകിട്ടി. ആരോഗ്യവും മടങ്ങിവന്നു. മരുന്നുകളെല്ലാം നിര്‍ത്തി. ഭക്ഷണവും ചിട്ടകളുമെല്ലാം പഴയപടിയായി. ഇനിയെല്ലാം ഷാനവാസിനു പറയാനുള്ളതാണ്. ജീവിതത്തിലെ ഗുരുതരമായ പ്രതിസന്ധിക്കിടയില്‍ മനസ്സിനെ ഒരുപാട് വേദനിപ്പിച്ച വാര്‍ത്തകള്‍ക്കു നടുവിലാണ് ഞാന്‍ ജീവിച്ചത്. കൊച്ചിയിലെ ആശുപത്രിയില്‍നിന്ന് എന്നെ ഹെലികോപ്ടറില്‍ നെടുമ്പാശേരിയിലെത്തിച്ച് അവിടെനിന്നു മുംബൈയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നു ചിലര്‍ പറഞ്ഞുപരത്തി.

ജീവിതത്തിലിതേ വരെ ഞാന്‍ ഹെലികോപ്ടറില്‍ കയറിയിട്ടില്ല. ആശുപത്രിയില്‍ വെന്റിലേറ്ററിലാണെന്നും ഏതുനിമിഷവും ഞാന്‍ മരിക്കുമെന്നും പറഞ്ഞുപരത്തുന്നതില്‍ ചിലര്‍ വലിയ രസം കണ്ടു - ഒരുതരം സാഡിസം. ഇതിനിടെ ലീഡര്‍ കെ. കരുണാകരന്‍ അന്തരിച്ചു. കെപിസിസിയുടെ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ എന്നെ മാത്രം അവിടെങ്ങും കണ്ടില്ല. ആളുകള്‍ക്കു പലതും പറയാന്‍ അതും കാരണമായി. സുഖം പ്രാപിച്ചശേഷം ഒരുദിവസം വയനാട്ടിലെ ഓഫിസില്‍ ചെന്നു. സന്ദര്‍ശകരെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മൂന്നു നാലു പേര്‍ ഗേറ്റ് കടന്നുവന്നു. അവര്‍ പറയുന്നതു ഞാന്‍ കേട്ടു: ‘നമ്മുടെ എംപി കസേരയിലൊക്കെ ഇരിക്കാറായെടാ...” പറഞ്ഞുപരത്തിയ കഥകള്‍ എന്തുമാത്രമായിരുന്നിരിക്കണം?

ഇതിനിടയിലും എന്നെ സ്നേഹിച്ച എത്രയോ പേരുണ്ട്. സോണിയ ഗാന്ധി നേരിട്ടു വിളിച്ചു സുഖവിവരം തിരക്കി. വയനാട്ടില്‍ എന്റെ ഏറ്റവും വലിയ ആഗ്രഹമായ ശ്രീ ചിത്ര മെഡിക്കല്‍ സെന്ററിന്റെ റിസര്‍ച്ച് സെന്റര്‍ ഉടന്‍ ആരംഭിക്കാന്‍ വകുപ്പുമന്ത്രിയെ വിളിച്ചു നിര്‍ദേശിക്കുകയും ചെയ്തു. താമരശേരി ബിഷപ് എല്ലാ അച്ചന്മാരെയും പങ്കെടുപ്പിച്ചു ദിവസവും പ്രാര്‍ഥന നടത്തി. കെപിസിസി സെക്രട്ടറി അജയ് മോഹന്റെ ഭാര്യ, ഷാനവാസ് ചേട്ടന്‍ ഇനി ടിവിയില്‍ പ്രത്യക്ഷപ്പെടുന്നതുവരെ നാട്ടിലെ ക്ഷേത്രത്തില്‍ നിത്യപൂജ നേര്‍ന്നു. രമേശ് ചെന്നിത്തല മൃത്യുഞ്ജയഹോമം നടത്തി. കൊല്ലം ഡിസിസി അംഗം പി.ആര്‍. പ്രതാപചന്ദ്രന്‍ ഏതാവശ്യത്തിനും കൊച്ചിയില്‍വന്ന് ഒപ്പം നിന്നു. സാധാരണക്കാരായ എത്രയോപേര്‍ എനിക്കുവേണ്ടി ക്ഷേത്രങ്ങളിലും പള്ളികളിലും നേര്‍ച്ചകള്‍ നേര്‍ന്നു.

ഇതില്‍നിന്നു ഞാന്‍ പഠിച്ച മൂന്നു പാഠങ്ങളുണ്ട്. 1. എത്ര വലിയ ആശുപത്രിയായാലും രോഗം കൃത്യമായി നിര്‍ണയിച്ചാലും രണ്ടാമതൊരു അഭിപ്രായം തേടാതെ ചികില്‍സ തുടങ്ങരുത്. 2. ഒരാള്‍ രോഗബാധിതനായി എന്നറിഞ്ഞാല്‍ കേള്‍ക്കുന്നതൊക്കെയും പറഞ്ഞുപരത്തരുത്. 3. മനുഷ്യന്‍ നിസാരനാണ്. അവന്റെ കയ്യില്‍ നില്‍ക്കുന്നതല്ല ഒന്നും. എത്ര ആരോഗ്യവാനും അടുത്ത നിമിഷം വീഴാം. അതുകൊണ്ട് എല്ലാം മറന്ന് അഹങ്കരിക്കാതിരിക്കുക.

ഷാനവാസ് ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഒരു പുസ്തകമുണ്ട്. മഹാരാഷ്ട്രാ മുന്‍മന്ത്രിയും മുന്‍ എംപിയുമായ റഫീഖ് സഖറിയ എഴുതിയ ഡിസ്കവറി ഓഫ് ഗോഡ് എന്ന പുസ്തകം. പുസ്തകത്തിലേക്കു ശ്രദ്ധയാകര്‍ഷിച്ച് ഷാനവാസ് പറഞ്ഞു: രണ്ടാമത്തെ ആ പരിശോധനാഫലം ദൈവത്തിന്റെ കണ്ടുപിടിത്തമല്ലെങ്കില്‍ പിന്നെയാരുടേതാണ് ?

കൊച്ചി നോര്‍ത്ത് റയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ ആനി തയ്യില്‍ റോഡിലെ ഫ്ളാറ്റിനു മുന്നില്‍ ചാനലിന്റെ ഓബി വാന്‍ വന്നുനിന്നു. കേരളത്തില്‍ തിരഞ്ഞെടുപ്പാണ്. രാത്രി ഒന്‍പതിനു ഷാനവാസ് ഇല്ലാതെ ചാനല്‍ ചര്‍ച്ചയില്ല. വിരലുകള്‍ക്കിടയില്‍ പേന തിരുകി, മുന്നോട്ടാഞ്ഞിരുന്ന്, അവതാരകനെ പേരെടുത്തു വിളിച്ച്, മൂന്നു പതിറ്റാണ്ടായി കെപിസിസി ജനറല്‍ സെക്രട്ടറിയായി തുടരുന്ന ഷാനവാസ് തുടങ്ങി, രണ്ടാമത്തെ ജീവിതം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ